MERS കൂടുതല്‍ ഭീകരമാകുന്നോ?

0
ലോകത്താകമാനം ആശങ്ക പരത്തിക്കൊണ്ട്‌ മിഡില്‍ ഈസ്റ്റ് റെസ്പിറെറ്ററി സിണ്ട്രം (MERS) തെക്കന്‍ കൊറിയയില്‍ വ്യാപിക്കുന്നു. പ്രസ്തുത രോഗം ബാധിച്ച്, ഏഴാമത്തെയാള്‍ മരിച്ചതായി തെക്കന്‍ കൊറിയ ഔദ്യോഗികമായി അറിയിച്ചു. പുതുതായി രേഖപ്പെടുത്തിയ ഒന്‍പതു കേസുകളടക്കം ആകെ 95 പേര്‍ ഇതുവരെ വൈറസ് ബാധിതരായിട്ടുണ്ട്. 
 
സൗദി  അറേബ്യ കഴിഞ്ഞാല്‍ ഈ രോഗം ഏറ്റവും കൂടുതല്‍ പടര്‍ന്ന രാജ്യം തെക്കന്‍ കൊറിയയാണ്. ജനങ്ങള്‍ മുഴുവന്‍ ഇവിടെ പരിഭ്രാന്തരാണ്. മിക്ക പൊതുസ്ഥലങ്ങളും  വിജനമായി തുടരുന്നു. ഇത് കൂടുതല്‍ക്കാലം തുടര്‍ന്നാല്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിയെ  വളരെ മോശമായി  ബാധിക്കുമെന്ന്  ആരോഗ്യ പ്രവര്‍ത്തകരുമായുള്ള യോഗത്തില്‍ ആക്ടിംഗ് പ്രധാനമന്ത്രി ശ്രീ ചോയ് ക്യുംഗ് ഹ്വാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഇതിനുള്ള പോംവഴികള്‍ കണ്ടെത്തണമെന്നും പൊതുജനങ്ങളെ  ബോധാവാന്മാരാക്കണമെന്നും  ധനകാര്യവകുപ്പ്  മന്ത്രികൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
കൂടുതല്‍ അപകടകാരിയായ SARS വൈറസ്സിന്റെ ജനുസ്സില്‍ പെട്ടതാണെങ്കിലും MERS ന് 35% അപകട സാധ്യത മാത്രമേയുള്ളുവെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഇതുവരെ ഇതിന് മരുന്നോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല.
 
തെക്കന്‍ കൊറിയയിലെ ടൂറിസത്തെയും  MERS വല്ലാതെ ബാധിച്ചിട്ടുണ്ട്. ജൂണ്‍  ആദ്യവാരം ഏകദേശം 45000ത്തോളം ടൂറിസ്റ്റുകളാണ് തങ്ങളുടെ യാത്ര റദ്ദാക്കിയത്.  അടുത്തമാസം തെക്കന്‍ പ്രവിശ്യയിലുള്ള GWANGJU പട്ടണത്തില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് സ്റ്റുഡന്റ് ഗെയിംസിനെയും  MERS ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതുവരെ ഒരു രാജ്യവും ഗെയിംസില്‍ നിന്നും പിന്മാറിയിട്ടില്ലെന്നു സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.