#മീ ടൂ വിവാദത്തില്‍ കുറച്ചുകൂടി കരുതല്‍ കാണിക്കാമായിരുന്നു; മോഹന്‍ലാലിനോട് പ്രകാശ് രാജ്

0

‘മീടു’ മൂവ്‌മെന്റിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ് രംഗത്ത്. മീടു വിഷയത്തില്‍ മോഹന്‍ലാല്‍ കൂടുതല്‍ കരുതല്‍ കാണിക്കണമായിരുന്നെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ‘ലാലേട്ടനെപ്പോലെ ഒരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്താമായിരുന്നു’ അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രകാശ്‌ രാജ് ഇങ്ങനെ പറഞ്ഞത്.

മോഹന്‍ലാല്‍ ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മീടൂ വെളിപ്പെടുത്തലിനെ കുറിച്ച് വിവാദ പരാമര്‍ശം ഉന്നയിച്ചത്. മീടൂ ഒരു മൂവ്‌മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോള്‍ ക്യാംപെയ്ന്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് താന്‍ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാല്‍ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 

 മലയാള സിനിമയെ ഇത് ബാധിക്കുന്നില്ല. പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഈ പ്രസ്താവനയ്‌ക്കെതിരെ നടിമാരായ രേവതിയും പത്മപ്രിയയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.