ജെസ്നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

0

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചു.

ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്വദേശി ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്.

കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്. ഇന്ന് രാവിലെ 10 മണിയോടൊണ് സംഭവം. കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥനെ പിടികൂടി. ജെസ്‌നയുടെ ബന്ധുവാണെന്ന കാര്യം ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളിപ്പോൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാൾക്കൊപ്പം വേറേയും ചിലർ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിച്ചു.

രണ്ടാഴ്ച മുൻപ് ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഹർജിയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈ ഹർജി പിൻവലിക്കപ്പെട്ടിരുന്നു. അന്ന് ഹർജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേർസിയാണ്.

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22-നാണ് കാണാതായത്. ജസ്‌നയുടെ തിരോധാനക്കേസിൽ അന്വേഷണപുരോഗതി ഉണ്ടെന്നും പലതും അറിയാമെന്നും കേസ് അവസാനം അന്വേഷിച്ച പത്തനംതിട്ട എസ്.പി കെ.ജി.സൈമൺ വിരമിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു.പലതും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേത്തുടർന്നാണ് ജെസ്ന തിരോധാനം വീണ്ടും സജീവ വിഷയമായത്.