നേപ്പാളില്‍ കാണാതായ വിമാനം തകർന്നു വീണെന്ന് സ്ഥിരീകരണം

0

കാഠ്മണ്ഡു: നേപ്പാളിൽ കാണാതായ താര എയർ വിമാനം തകർന്ന് വീണതായി സൈന്യം. നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊക്കാറയിൽ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്ന താര എയറിന്‍റെ 9NAET വിമാനമാണ് തകര്‍ന്ന് വീണത്. രാവിലെ 9.55 ഓടെ വിമാനവുമായി ഗ്രൗണ്ട് കൺട്രോൾ റൂമിന്‍റെ ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടു. വിമാനത്തിൽ ജീവനക്കാരടക്കം 22 പേരുണ്ടായിരുന്നു. യാത്രക്കാരിൽ നാല് പേർ ഇന്ത്യക്കാരും, രണ്ട് പേർ ജർമ്മൻ സ്വദേശികളും, 16 പേർ നേപ്പാളികളുമായിരുന്നു.

മുംബൈയിൽ നിന്നുള്ള അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സൈനിക ഹെലികോപ്റ്ററും, രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളും ചേർന്ന് ഏഴ് മണിക്കൂർ തെരച്ചിൽ നടത്തിയ ശേഷമാണ് വിമാനം കണ്ടെത്തിയത്. മുസ്താങ്ങിലെ കൊവാങ്ങ് മേഖലയിൽ ലെംചെ നദീമുഖത്ത് വിമാനം തകർന്നു വീണതായി പ്രദേശവാസികൾ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം അങ്ങോട്ട് നീങ്ങിയിരിക്കുകയാണ്. താര എയറിന്‍റെ ചെറു വിമാനങ്ങൾ ഇതിനുമുമ്പും ഇത്തരത്തിൽ അപകടത്തിൽ പെട്ടിട്ടുണ്ട്. 2016 ൽ പൊക്കാറയിൽ നിന്ന് പുറപ്പെട്ട താര എയർസ് ഫ്ലൈറ്റ് 193 തകർന്നു വീണ് യാത്രക്കാരായ 23 പേരും കൊല്ലപ്പെട്ടിരുന്നു.