‘മാറ്റം 26 ല്‍ നിന്ന് 32 ലേക്ക്, ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക.’: പഴയ ചിത്രം പങ്കുവച്ച് ലോകത്തിലെ ഏറ്റവും വലിയ കവിളുകളുള്ള മോഡല്‍

0

ലോകത്തിലെ ഏറ്റവും വലിയ കവിളുകളുണ്ടെന്ന് അവകാശപ്പെടുന്ന ഉക്രൈന്‍ മോഡല്‍ അനസ്താസിയ പൊക്രെഷ്ചുക്ക് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയയിലെ ഒരു ചർച്ച വിഷയം.

തന്റെ കവിളുകള്‍ക്കും ചുണ്ടുകള്‍ക്കും മാറ്റം വരുത്താനും വലിപ്പം കൂട്ടാനും ധാരാളം സര്‍ജറികള്‍ക്ക് അനസ്താസിയ വിധേയയായിരുന്നു. മുപ്പത്തിരണ്ടുകാരിയായ അനസ്താസിയ ആറ് വര്‍ഷത്തോളമെടുത്താണ് തന്റെ ഈ ‘ഭീകര’ മാറ്റങ്ങള്‍ക്ക് വിധേയയായത്. ഫേഷ്യല്‍ ഫില്ലേഴ്‌സും ബോട്ടോക്‌സ്‌ ഇന്‍ജെക്ഷനുകളും അടക്കം പലതരം കോസ്‌മെറ്റിക് ചികിത്സാ രീതികള്‍ക്കൊടുവിലാണ് ഈ രൂപത്തിലേക്ക് അനസ്താസിയ എത്തിയത്.

ഒന്നര ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന് മാത്രം ഇവര്‍ ചെലവഴിച്ചത്. അതിഭീകരമായ ബോഡി മോഡിഫിക്കേഷനുകള്‍ വരുത്തിയ അനസ്താസിയയ്ക്ക്‌ രണ്ട് ലക്ഷം ഫോളോവേഴ്‌സുണ്ട്. മുമ്പുള്ളതിനേക്കാള്‍ താനെത്രമാത്രം വ്യത്യസ്തയാണെന്ന് കാണിക്കാനാണ് അനസ്താസിയ ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘മാറ്റം 26 ല്‍ നിന്ന് 32 ലേക്ക്, ഏതാണ് നിങ്ങള്‍ തിരഞ്ഞെടുക്കുക.’ അവര്‍ ചിത്രത്തിന് ക്യാപ്ഷനായി കുറിക്കുന്നു. ചിത്രം കണ്ടവര്‍ പലരും ‘തിരിച്ചറിയാനാവുന്നില്ല’ എന്ന കമന്റാണ് നല്‍കിയിരിക്കുന്നത്.