മോദി സർക്കാർ വീണ്ടും അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ച്ച

0

രാജ്യത്തിന്‍റെ ഭരണത്തിലേക്ക് വീണ്ടും മോദി തരംഗം എത്തുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ബിജെപി പുതിയ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടക്കുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന.ഇതിനുമുന്നോടിയായി ഇന്ന് ചേരുന്ന അവസാന മന്ത്രിസഭായോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കും. തുടര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ബി.ജെ.പിയെ ക്ഷണിക്കും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ മോദിയും അമിത്ഷായും തീരുമാനമെടുക്കും.നരേന്ദ്രമോദിയെ പാർലമെന്ററി പാർട്ടി നേതാവായി യോഗം തെരഞ്ഞെടുക്കും.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ, മന്ത്രിമാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലെ ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്.

സ്മൃതി ഇറാനിയോടായിരുന്നു രാഹുലിന്റെ തോൽവി. 54731 വോട്ടുകൾക്കാണ് തോൽവി. അടിയന്തരവസ്ഥയ്ക്കു ശേഷം 3 വർഷവും, 98ലെ തെരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോൺഗ്രസിനെ കൈവിട്ടത്. അതേസമയം, വയനാട്ടിൽ രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ രാഹുൽ വിജയിച്ചത്.