വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു കാണിച്ചു കൊണ്ട് മോഹനന്‍ വൈദ്യരുടെ അശാസ്ത്രീയപ്രചരണം; നുണപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

0

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും ആവുന്നത്ര പരിശ്രമിക്കുമ്പോള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രവര്‍ത്തനവുമായി മോഹനന്‍ വൈദ്യര്‍. പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ രംഗത്തുവന്നിരിക്കുന്നത്.

വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.  ആളുകളെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളുമായി വരുന്ന  വ്യാജ വൈദ്യമാര്‍ക്കും  ആള്‍ ദൈവങ്ങള്‍ക്കും എതിരെ കേസെടുക്കാനൊരുങ്ങി സര്‍ക്കാര്‍.  നിപ്പാ വൈറസ് മരുന്നു കമ്പനിയുടെ തട്ടിപ്പാണെന്നായിരുന്നു മറ്റൊരു വ്യാജ വൈദ്യനായ ജോസഫ് വടക്കുംചേരിയുംയുടെ പ്രചരണം.  പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ വാദം.

നിപ്പാ വൈറസ് ബാധ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ഇത്തരക്കാര്‍ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ സൈബര്‍ പൊലീസിന് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിപ്പാ വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.