അറുപത്തിയൊന്നാം പിറന്നാളിന്റെ നിറവിൽ നടന വിസ്മയം; ആശംസകളുമായി മലയാളം

0

മലയാളത്തിന്‍റെ നടനവിസ്‌മയം മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ട ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്.

കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ലാലേട്ടനൊപ്പമുണ്ടാകും.

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ 1980ൽ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍ ഇന്ന് സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ മൂന്നൂറിലേറെ ചിത്രങ്ങളിലൂടെ ഹൃദയസ്പർശിയായ ഒട്ടനവധി കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച് ഇന്നും ജൈത്രയാത്ര തുടരുകയാണ്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധര്‍ കാത്തിരിക്കുന്ന ചിത്രം.

ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം. സിനിമയുടെ ആദ്യഘട്ട ചിചിത്രീകരണം ഗോവയിൽ പൂർത്തിയാക്കിയിരുന്നു. ബറോസിൽ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാൽ.