പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകൾ നേർന്ന് മോഹൻലാൽ

0

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികതാരം പി ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് നടൻ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ നേരുന്നു. – മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കായികതാരം പി.ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ വാർത്തെടുക്കുന്നതില്‍ അവരുടെ പ്രവർത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ, ”മോദി ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്‍റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്.

പിടി ഉഷയ്ക്ക് രാജ്യസഭയിലേക്കുള്ള വഴിയൊരുക്കിയത് ബിജെപിയാണ്. പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇവരെക്കൂടാതെ വി. വിജയേന്ദ്ര പ്രസാദ്, വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.