ബറോസിലെ താരങ്ങളെ പരിചയപ്പെടുത്തി മോഹൻലാൽ

0

ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ലെ പ്രധാനതാരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് വിഡിയോയിലൂടെ താരങ്ങളെ പ്രഖ്യാപിച്ചത്.

ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും. റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.

ലോകത്തില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന രത്‌നങ്ങളും നിധികളും വാസ്‌കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ തന്നെയാണ് ബറോസിന്‍റെ വേഷത്തിലുമെത്തുന്നത്. കെ.യു മോഹനനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രം കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയാണെന്നും മോഹന്‍ലാല്‍ പറയുന്നു. 40 വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് നവോദയ ജിജോയാണ്.

നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം കെ.യു മോഹനന്‍. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും.