ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും

0

ഇന്ത്യയിലെ വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. ഫോബ്‌സ് മാസിക തയ്യാറാക്കിയ  2016-2017 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയിലാണ് ഇവര്‍ ഇടം നേടിയത്.

ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഷാറൂഖ് ഖാന്‍, വിരാട് കോഹ്ലി എന്നിവരാണ് തുടര്‍സ്ഥാനങ്ങളില്‍. 11 കോടി രൂപ വാര്‍ഷിക വരുമാനമുള്ള മോഹന്‍ലാല്‍ പട്ടികയില്‍ 73-ാം സ്ഥാനവും 9.23 കോടി രൂപയുമായി ദുല്‍ഖര്‍ സല്‍മാന്‍ 79-ാം സ്ഥാനത്തുമാണ്. ഈ വര്‍ഷം താരമൂല്ല്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള നൂറ് ഇന്ത്യന്‍ സെലിബ്രിറ്ററികളെ ഉള്‍പെടുത്തിയാണ് ഫോര്‍ബ്‌സ് പട്ടിക തയ്യാറാക്കിയത്.233 കോടി രൂപയാണ് ബോളിവുഡിന്റെ മസില്‍ഖാന്റെ വാര്‍ഷിക വരുമാനം. ഷാരൂഖിന് 170 കോടിയും കോഹ്‌ലിക്ക് 100 കോടിയുമാണ് താരമൂല്ല്യം. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സചിന്‍ ടെണ്ടുല്‍കറും പട്ടികയിലുണ്ട്.

അനുഷ്‌ക ശര്‍മ 28.25 കോടി രൂപ വരുമാനവുമായി പട്ടികയില്‍ 32-ാം സ്ഥാനത്താണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന ഫോബ്‌സ് മാസിക ലോകത്തെ മുന്‍നിര ധനകാര്യമാധ്യമമാണ്. 68 കോടി വാര്‍ഷിക വരുമാനവുമായി നടി പ്രിയങ്ക ചോപ്രയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഏക വനിത. ബാഡമിന്റണ്‍ താരം പിവി സിന്ധുവിന് 13ാം സ്ഥാനം, ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ദീപിക പദുകോണ്‍ 11മതും ആലിയ ഭട്ട് 21മതും സ്ഥാനത്താണ്. കങ്കണ റണൗതും സൈന നെഹ്‌വാളുമുണ്ട് ആദ്യ 30 പേരില്‍. 27 ഓളം കായിക താരങ്ങളാണ് ഇത്തവണ ലിസ്റ്റില്‍ കയറിപ്പറ്റിയത്.

ബാഹുബലി നായകന്‍ പ്രഭാസ് ലിസ്റ്റില്‍ 22-ാമനായപ്പോള്‍, സംവിധായകന്‍ രാജമൗലി 55 കോടി രൂപയുമായി 15-ാമത് എത്തി. തമിഴ് സൂപ്പര്‍ താരം അജിത് 27ഉം വിജയ് 31ഉം സ്ഥാനങ്ങളിലാണ്. 14 കോടിയോളം വരുമാനവുമായി വിജയ് സേതുപതി 54-ാം സ്ഥാനത്തുണ്ട്.