അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ

0

നടി കെപിഎസി ലളിതയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടൻ മോഹൻലാൽ. ഒട്ടെറെ സിനിമകളിൽ ഒന്നിച്ചഭിനയിച്ച സ്വന്തം അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും ചേർത്തുനിർത്തിയിരുന്ന നടിയുടെ വിയോഗത്തിൽ നടൻ മോഹൻലാൽ അനുശോചനം അറിയിച്ചിരുന്നു. താരം ഫേസ്ബുക്കിലും ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.

ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.