വീടിന്റെ ആധാരം തിരിച്ചെടുത്ത് ഫിറോസ്; കണ്ണുനിറഞ്ഞ് മോളി കണ്ണമാലി: വിഡിയോ

0

നടി മോളി കണ്ണമ്മാലിക്ക് സഹായവുമായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വിഡിയോ പങ്കുവച്ചാണ് ഈ സന്തോഷവാർത്ത ഫിറോസ് പ്രേക്ഷകരെ അറിയിച്ചത്.

ഈ പ്രശ്‌നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുതെന്നായിരുന്നു ഫിറോസ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്. നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കുമെന്നും ഫിറോസ് പറഞ്ഞു.

മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും ഞങ്ങള്‍ സഹായിച്ചിരുന്നു. പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കി. ‘‘അന്നെന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ.’’–. ഫിറോസ് പറയുന്നു.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ:

‘‘ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്. ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും. ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളി ചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. തുടർചികിത്സയ്ക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സയ്ക്ക് 250,000 രൂപ നൽകിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു, അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് ‘‘വീട് ജപ്തി ആകാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം. ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ്, ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും’’ എന്നായിരുന്നു.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.

മോളി കണ്ണമ്മാലിയുമൊത്ത് ഒരുമിച്ച് ആല്‍ബം ചെയ്യണമെന്ന ആഗ്രഹം ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചു. എന്നാല്‍ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു നടിയുടെ മറുപടി.