“മോൻസണാണ് താരം”

0

സാക്ഷരതയിൽ ഒന്നാം സ്ഥാനമുള്ള പ്രബുദ്ധതയിൽ മികവിലും മികച്ചതെന്ന് അഭിമാനിക്കുകയും അഹങ്കരിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്ന കേരളത്തിലെ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ആത്മീയ മേഖലയിലും ഉന്നതരായ വ്യക്തികൾ ഒരു വ്യക്തിയുടെ കുബുദ്ധിയിൽ സമനില തെറ്റി നിലംപതിച്ചു പോയ വാർത്തയാണ് ഇന്ന് കേരളത്തിൻ്റെ പ്രധാന സംഭവ വികാസമായി ചർച്ച ചെയ്യപ്പെടുന്നത്.

ഭൂതകാലത്തെപ്പറ്റി അഭിമാനത്തോടെ എന്തെങ്കിലും അവകാശപ്പെടാൻ കഴിയാത്ത ഒരു വ്യക്തിയുടെ കാന്തിക മണ്ഡലത്തിൽ അകപ്പെട്ടു പോയ ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാർ, IASകാരായ ഭരണമേധാവികൾ, ന്യായാധിപന്മാർ, ശക്തരായ രാഷ്ടീയ നേതാക്കൾ എന്നിവരെയെല്ലാം എത്ര എളുപ്പത്തിൽ വിഡ്ഢികളാക്കാമെന്നാണ് ഡോക്ടർ അല്ലാത്ത ഡോക്ടർ മോൻസൺ തെളിയിച്ചിരിക്കുന്നത്. സ്വന്തം വീട് മ്യൂസിയമാണെന്നും അത് ആലീസിൻ്റെ അത്ഭുതലോകമാണെന്നും കെ. സുധാകരൻ എന്ന കരുത്തനായ കെ.പി.സി.സി പ്രസിഡണ്ടിനെ പോലും വിശ്വസിപ്പിച്ച ഡോ. മോൻസൺ ഏറ്റവും വിശേഷപ്പെട്ടതും വിലപ്പെട്ടതുമായ പുരസ്കാരത്തിന് തന്നെ അർഹനാണ്.

ഏറ്റവും ചുരുങ്ങിയത് ഇന്ന് വരെ ഉപയോഗിച്ചു വന്നിരുന്ന ഒരു ഡോക്ടർ ബഹുമതിയെങ്കിലും അദ്ദേഹം അർഹിക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും സർവകലാശാല മോൻ സണ് ഡോക്ടറേറ്റ് ബഹുമതി നൽകി ആദരിക്കേണ്ടതുണ്ട്. ചടങ്ങിന് മോൻസണിൻ്റെ വീട്ടിലെ സന്ദർശകരായ ഉന്നതരെ തീർച്ചയായും പങ്കെടുപ്പിക്കേണ്ടതുണ്ട്. എന്തും അന്തി ചർച്ചയാക്കുന്ന കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ കുലപതികളോ ജാഗരൂകരായിരിക്കുന്ന ഭരണാധികാരികളോ, നീതി പാലകരോ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന കാര്യവും അവിശ്വസനീയം തന്നെ.

യഥാർത്ഥത്തിൽ ഇവരെയെല്ലാമാണ് മോൻസണിൻ്റെ മ്യൂസിയത്തിലെ വിശേഷ വസ്തുക്കളായി പ്രദർശിപ്പിക്കേണ്ടത്. കേരളത്തെ “വിഡ്ഢികളുടെ സ്വന്തം നാട് “എന്ന് പുനർനാമകരണം ചെയ്യേണ്ട സമയമായിരിക്കുന്നു എന്നതാണ് വർത്തമാന യാഥാർത്ഥ്യം. ആർക്കും ആരെയും കബളിപ്പിക്കാൻ കഴിയുന്ന വിഡ്ഡികളുടെ സ്വന്തം നാട് . നമുക്ക് ആവർത്തിച്ച് ഉച്ചൈസ്തരം ഉദ്ഘോഷിക്കാം – തട്ടിപ്പിന് പുതിയ മാനങ്ങൾ കണ്ടെത്തിയ കബളിപ്പിക്കലിൻ്റെ കലാകാരനായ, ” മോൻസൺ തന്നെയാണ് താരം”…