കപ്പലപകടത്തില്‍ മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം സലാലയില്‍ സംസ്‌കരിച്ചു

0

സലാല: യെമനില്‍ നിന്നും സലാലയിലേക്ക് വരുകയായിരുന്ന ഇന്ത്യന്‍ ചരക്കു കപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ട ഗുജറാത്ത് സ്വദേശി ഹാംജാന്‍ ഗനിയുടെ മൃതദേഹം സലാലയില്‍ ഖബറടക്കി. തീപിടിച്ച എം .എസ്സ് .വി നൂര്‍ മസൂംഷാ എന്ന ചരക്കു കപ്പലില്‍ പതിനഞ്ച് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. രക്ഷപ്പെട്ട ബാക്കി പതിനാലുപേര്‍ ഇന്ന് വൈകുന്നേരം ഗുജറാത്തിലേക്കു മടങ്ങി.

സലാല തുറമുഖത്ത് നിന്നും ഇന്ന് വൈകുന്നേരം ആറര മണിക്ക് എം.എസ്സ് .വി സുല്‍ത്താന്‍ മൊഹ്യുദ്ദീന്‍ ഒ എന്ന ചരക്കു കപ്പലിലാണ് പതിനാലു പേര്‍ ഗുജറാത്തിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ. സനാതനന്‍ പറഞ്ഞു. മാര്‍ച്ച് പത്തിനായിരുന്നു എം .എസ്സ് .വി നൂര്‍ മസൂംഷാ എന്ന ചരക്കു കപ്പലില്‍ തീപിടിത്തമുണ്ടായത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡെല്‍കൂത്ത് വിലയത്തിലെ 16 മൈല്‍ അകലെ സമുദ്രത്തില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകട വിവരം അറിഞ്ഞ ഉടന്‍ ഒമാന്‍ കോസ്റ്റല്‍ ഗാര്‍ഡ് എത്തി പതിനാലു പേരെ രക്ഷിച്ചു കരക്കെത്തിക്കുകയായിരുന്നു. ഹാംജാന്‍ ഗനിയുടെ മൃത ശരീരം പിന്നീട് റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.