പാലക്കാട് അമ്മയും മക്കളും വീടിനുള്ളില്‍ മരിച്ച നിലയിൽ

0

കുഴൽമന്ദം (പാലക്കാട്) : അമ്മയെയും അഞ്ചു വയസ്സും അഞ്ചു മാസവും പ്രായമുള്ള മക്കളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുഴൽമന്ദം, പല്ലഞ്ചാത്തനൂർ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), മകൻ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകൾ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്.

കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു. ഉച്ചഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലിൽ തൂങ്ങിയ നിലയിലും കണ്ടത്. മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തി.

മകനെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ കണ്ടത് വായയിൽ നിന്ന് നുരയും പതയും വരുന്നതാണ്. നിലവിളികേട്ട് എത്തിയ അയൽവാസികളാണ് കൃഷ്ണകുമാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ വായയിലും നുരയും പതയും നിറഞ്ഞിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദർശിച്ച പാലക്കാട് ഡിവൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആലത്തൂർ കാവശേരി സ്വദേശിയാണ് കൃഷ്ണ കുമാരി. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. കുഴൽമന്ദം പൊലീസ് കേസെടുത്തു.