പൈലറ്റായ അമ്മ, സഹ പൈലറ്റായി മകൾ; ഇത് അപൂർവങ്ങളിൽ അപൂർവ്വം

0

പെൺമക്കൾക്ക് എന്നും അമ്മമാരാണ് റോൾ മോഡൽസ്. അത്തരത്തിൽ ഒരേ പാത പിന്തുടർന്ന അമ്മയും മകളുമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരങ്ങൾ. ഒരുമിച്ച് വിമാനം പറത്തിയാണ് ഇവർ താരങ്ങളായത്. ഡെല്‍റ്റ എയര്‍ലൈനിന്റെ വിമാനമാണ് ഇരുവരും ചേര്‍ന്നു പറത്തിയത്.

അമ്മ പൈലറ്റും മകള്‍ സഹപൈലറ്റുമായി കാലിഫോര്‍ണിയയില്‍ നിന്ന് അത്‌ലാന്റയിലേയ്ക്ക് ഡെല്‍റ്റ എയര്‍ലൈന്റെ വിമാനം പറന്നുയരുകയായിരുന്നു. അവിടെ നിന്ന് ജോര്‍ജിയയിലേയ്ക്കും ഇരുവരും ചേര്‍ന്ന് വിമാനം നിയന്ത്രിച്ചു. ഇരുവരും വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവും പ്രോത്സാഹനവുമായി രം​ഗത്തെത്തിയത്.

പൈലറ്റും എംബ്രി റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്സിറ്റിയിലെ ചാൻസിലറുമായ ജോൺ ആർ വാട്രറ്റാണ് അമ്മയുടെയും മകളുടെയും ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഫാമിലി ഫ്ലൈറ്റ് ക്രൂ എന്നാണ് ഇതിന് മറുപടിയായി ഡെൽറ്റാ എയർലൈൻ നൽകിയത്. 41,000ത്തോളം ആളുകൾ ഇതിനോടകം തന്നെ ട്വീറ്റ് ലൈക്ക് ചെയ്തു കഴിഞ്ഞു. 16,000 റീട്വീറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബക്കാര്‍ ഒരുമിച്ച് വിമാനം നിയന്ത്രിക്കുന്നത് ശരിയല്ലെന്ന അഭിപ്രായക്കാരും ഉണ്ട്.

സ്ത്രീകള്‍ക്കെല്ലാം പ്രചോദനവും മാതൃകയുമാണ് ഇവര്‍ എന്ന് പലരും ട്വിറ്റ് ചെയ്തു. ലോകത്തുള്ള എല്ലാ വനിത പൈലറ്റുമാര്‍ക്കും ഇത് ഒരു പ്രചോദനമാണ് എന്ന് ഭൂരിഭാഗം പേരും പ്രതികരിച്ചു.