മരണം കൊണ്ട്പോയപ്പോഴും തന്റെ കുഞ്ഞിന്റെ വിശപ്പ്‌ മാറ്റിയ അമ്മ; ഈ ചങ്കുപൊട്ടുന്ന കാഴ്ച കണ്ടുനില്‍ക്കാനാവുമോ?

0

അമ്മയുടെ ജീവനറ്റതറിയാതെ അമ്മിഞ്ഞപാല്‍ കുടിക്കാന്‍ വെമ്പുന്ന ആ കൊച്ചുകുഞ്ഞു കണ്ടുനിന്നവരുടെ പോലും കണ്ണുനിറച്ചു. ഇന്നലെ രാവിലെ  മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോഹിലെ പ്രദേശവാസികള്‍ ഉറക്കമുണര്‍ന്നത് ഈ ചങ്കുപൊട്ടുന്ന കാഴ്ച കണ്ടുകൊണ്ടാണ്.

ദാമോയിലെ റെയിൽവേ ക്രോസിങ്ങിനടുത്ത് തറയിൽ കിടന്നുറങ്ങുന്ന അമ്മയെയും അരികിൽ കിടന്ന് മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനേയും ആദ്യം പലരും ശ്രദ്ധിച്ചില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മയുടെ കിടപ്പിൽ എന്തോ പന്തികേട് തോന്നിയ ചിലർ അവരെ എഴുന്നേൽപ്പിക്കാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചു നോക്കിയത്. അപ്പോഴാണ്‌ അവര്‍  മരിച്ചത് എല്ലാവരും അറിയുന്നത്.

എന്നാല്‍ അപ്പോഴും അമ്മ മരിച്ചുകിടക്കുകയാണെന്ന് അറിയാതെ അവരെ കുലുക്കി വിളിക്കുകയും , വിശപ്പടക്കാനായി ആ അമ്മയുടെ മുല കുടിക്കാനായി ശ്രമിക്കുകയും ചെയ്യുകയായിരുന്നു ആ ഒരു വയസ്സുകാരന്‍. പൊലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഏറെ വൈകാതെ ഫോറൻസിക് സയൻസ് ഡിപ്പാർട്മെന്റിൽ നിന്ന് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം പരിശോധിച്ചു. ട്രെയിനിൽ നിന്ന് വീണാണ് ഇവർക്ക് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പ്രാഥമിക ചികിത്സ നൽകാനായി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിന് യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

നാട്ടുകാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തതോടെ  വിവരമറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി.  ഫോട്ടോ സഹിതം പുറത്ത് വിട്ട് കുട്ടിയുടെ ബന്ധുക്കളെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. യുവതിയെ തിരിച്ചറിയാന്‍ ആകെയുള്ള തെളിവ് ജ്വല്ലറിയുടെ പരസ്യമുള്ള ഒരു പഴ്സ് മാത്രമാണെന്നും പൊലീസ് പറയുന്നു.

അമ്മയുടെ മൃതദേഹം മാറ്റുന്നതിനിടയില്‍ കണ്ടുനിന്നവരെ എല്ലാം കണ്ണീരണിയിച്ച മറ്റൊരുകാഴ്ച കൂടിയുണ്ടായിരുന്നു . അപ്പോഴും ആ അമ്മയുടെ വിറങ്ങലിച്ച കൈകളില്‍ ഒരു പാക്കറ്റ്  ബിസ്കറ്റ് മുറുക്കിപിടിച്ചിട്ടുണ്ടായിരുന്നു.