എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

0

കോഴിക്കോട്∙ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാ എംപിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്ര കുമാർ എം.പി.(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട്.

പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി).

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. സ്ഥാനമേറ്റെടുത്ത് 48 മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രിസ്ഥാനം രാജിവെച്ചു.

മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

ഹൈമവതഭൂവിൽ,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുൾ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോൻ സാഹിത്യപുരസ്കാരം,ഓടക്കുഴൽ അവാർഡ്,സ്വദേശാഭിമാനി പുരസ്കാരം, മൂർത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.