മുല്ലപ്പെരിയാർ തുറക്കുമ്പോൾ …

0

ഓരോ മഴക്കാലവും വന്നെത്തുമ്പോൾ ചർച്ച ചെയ്യേണ്ട ഒരു വിഷയമായി മാറുകയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ചരിത്രപ്രധാനമായ ഈ അണക്കെട്ട് നമ്മുടെ പഴയ നിർമ്മിതിയുടെ മേന്മയുടെ ഉദാഹരണമാണ്. സുർക്കിയും കുമ്മായവും മാത്രം ഉപയോഗിച്ച് നിർമ്മിച്ച ഈ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം ഈ അണക്കെട്ട് നിലനിൽക്കേണ്ടതും അതിൽ നിന്നുള്ള ജലലഭ്യത അവരുടെ കൃഷിക്ക് അത്യന്താപേക്ഷിതവുമാണ്. അത് കൊണ്ട് തന്നെ അവർ ഉയർത്തുന്നത് ന്യായമായ ആവശ്യം തന്നെയാണ് എന്ന് വിശ്വസിക്കേണ്ടതുണ്ട്.

കേരളത്തിനെ സംബന്ധിച്ച് കാലാവധി കഴിഞ്ഞ ഈ അണക്കെട്ട് ഇതേ രീതിയിൽ നിലനിർത്തുന്നത് ‘സ്വൈരജീവിതത്തിന് ഭീഷണിയാണെന്നത് അവഗണിക്കാൻ കഴിയാത്ത യാഥാർത്ഥ്യവുമാണ്. ഇതിൻ്റെയൊക്കെ അടിസ്ഥാന കാരണം വിവേകശാലിയായ ഭരണാധികാരിയെന്ന് കേരള ചരിത്രം രേഖപ്പെടുത്തിയ ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണമില്ലായ്മയായിരുന്നു വെന്ന്
വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒരു നിർമ്മിതിയുടെ കാലാവധിയെക്കാൾ കൂടുതൽ കാലത്തേക്ക് പാട്ടം നൽകാൻ എടുത്ത അന്നത്തെ തീരുമാനം അസംബന്ധമാണെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. 999 കൊല്ലത്തേക്ക് ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ട വിഭവം ഇഷ്ടദാനം നൽകാൻ ഒരു ഭരണാധികാരിക്കും ഇന്നും നാളെയും അവകാശമില്ല, അത് കൊണ്ട് തന്നെ ഇന്നലെയുടെ അത്തരത്തിലുള്ള ഒരു തീരുമാനത്തിൻ്റെയും കരാറിൻ്റെയും പാപഭാരം കേരളീയ ജനത ചുമക്കേണ്ടതില്ല.

എന്നാൽ ഇന്നലെ ചെയ്ത ആ അബദ്ധം നിയമവിധേയമായ ഒന്നായത് കൊണ്ട് കോടതിക്ക് നിയമം അനുസരിച്ച് മാത്രമേ വിധി പുറപ്പെടുവിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കേരള ജനത ഇന്ന് അനുഭവിക്കുന്ന ഭീതിയിൽ നിന്ന് അവരെ രക്ഷിക്കേണ്ടതുണ്ട്. ഈ പ്രശ്നത്തിന് സീസണലായ മുറവിളികളല്ല പരിഹാരം മറിച്ച് ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. തമിഴ്നാടിന് കാർഷിക ആവശ്യങ്ങൾക്കുള്ള ജലവും കേരളത്തിന് സുരക്ഷ എന്നതുമായിരിക്കണം സമീപനം. എന്നാൽ മറ്റെല്ലാ കാര്യത്തിലുമെന്നത് പോലെ രാഷ്ടീയ വിവാദത്തിലും മുതലെടുപ്പിലുമാണ് കേരളത്തിെലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും താല്പര്യം. യാഥാർത്ഥ്യബോധത്തോടെ ഈ പ്രശ്നത്തിനെ സമീപിക്കാൻ അവർ തയ്യാറാകുന്നില്ല എന്നത് നിർഭാഗ്യകരമാണ്. ഉറങ്ങാൻ കഴിയില്ലെന്ന് വിളിച്ചു കൂവിയവർക്കൊന്നും ഇന്ന് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് തോന്നുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം അപകടത്തിൽ എന്ന് പറഞ്ഞ രാഷ്ടീയ കക്ഷിയുടെ നേതാവ് ഇന്ന് മുഖ്യമന്ത്രി പദവിയിലിരുന്ന് പേടിക്കാനൊന്നുമില്ലെന്ന് പറയുമ്പോഴാണ് ചിത്രം വിചിത്രം തന്നെയെന്ന് പറയേണ്ടി വരുന്നത്.

ഒടുവിൽ നാം അറിയുന്നത് മുല്ലപ്പെരിയാറിൻ്റെ സ്പിൽവേകൾ തുറക്കുന്നു എന്നതാണ്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുമ്പോൾ ജലനിരപ്പ് ഉയരുന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടുള്ളത്. 2300 ഘന അടി ജലം തമിഴ്നാട് എടുക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. സ്പിൽവേകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ നേരിടാൻ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. സമീപ വില്ലേജുകളിലായി ഏഴ് ക്യാമ്പുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. പെരിയാറിൻ്റെ തീരത്തുള്ള അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളും ദുരഭിമാനവും സങ്കുചിതമായ രാഷ്ടീയ താല്പര്യങ്ങളും മാറ്റിവെച്ച് ക്രിയാത്മകമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. അപകട സാദ്ധ്യതയുള്ള, കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യാനും കുടുതൽ അനുയോജ്യമായ സ്ഥലത്ത് തമിഴ്നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുന്ന തരത്തിലുള്ള പുതിയ അണക്കെട്ട് ഇരു സംസ്ഥാനങ്ങളാടെയും സഹകരണത്തോടെ നിർമ്മിക്കുക എന്നത് തന്നെയാണ് ഈ പ്രശ്നത്തിലുള്ള ശാശ്വതമായ പരിഹാരം. സീസണൽ വിവാദങ്ങളല്ല, ക്രിയാത്മകമായ സമീപനമാണ് വിവേകത്തിൻ്റെ അടയാളം.