“വത്തക്കയിൽ നിന്നും കണ്ണെടുക്കുമ്പോൾ”

0

എന്‍റെ വായനക്കാർ ഒരു കാര്യം എങ്കിലും ചെയ്യണം. ഒരു കാരണവശാലും കണ്ണിൽ കാണുന്ന ആപ്പിലെല്ലാം കൊണ്ടുപോയി തലയിടരുത്. വളരെ നിരുപദ്രവം എന്ന് തോന്നുന്ന ആപ്പിൽ കൂടിയാകും നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കാവുന്ന വിവരങ്ങൾ അവർ ചോർത്തിയെടുക്കുന്നത്. മുരളി തുമ്മാരുകുടിയുടെ ലേഖനം.

ഇന്നത്തെ ബി ബി സിയിൽ നമ്മൾ വളരെ ശ്രദ്ധിക്കേണ്ട ഒരു വാർത്തയുണ്ട്. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഒരു റിസർച്ച് കൺസൾട്ടൻസി (Cambridge Analytica) യുമായി ബന്ധപ്പെട്ടതാണ് വിഷയം.
രണ്ടായിരത്തി പതിനാലിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അലക്‌സാണ്ടർ കോഗൻ “നിങ്ങളുടെ വ്യക്തിത്വം” ഏതു തരത്തിൽ ആണെന്ന് കണ്ടുപിടിക്കാം എന്ന പേരിൽ ഒരു ഫേസ്ബുക്ക് ആപ്പ് ഉണ്ടാക്കി.രണ്ടു ലക്ഷത്തി നാല്പത്തി ഏഴായിരം പേർ ആ ആപ്പ് ഉപയോഗിച്ചു. അക്കാലത്ത് നമ്മൾ ഒരാപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നൽകുന്ന സമ്മത പത്രം അനുസരിച്ച് നമ്മുടെ വിവരം മാത്രമല്ല നമ്മുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈൽ ഈ ആപ്പുകാർക്ക് കിട്ടും. അങ്ങനെ രണ്ടു ലക്ഷത്തി നാല്പത്തേഴായിരം പേരിൽ നിന്നും അഞ്ഞൂറ് ലക്ഷം ആളുകളുടെ വിവരം അവർ സംഘടിപ്പിച്ചു. ഈ പ്രൊഫൈൽ എല്ലാം അവർ മറ്റുള്ളവർക്ക് മറിച്ചു വിറ്റു. ഇങ്ങനെ പ്രൊഫൈൽ വിവരങ്ങൾ വാങ്ങിയവരിൽ കേംബ്രിഡ്ജ് അനാലിറ്റിക്ക യും ഉണ്ടായിരുന്നു. കേംബ്രിഡ്ജ് അനാലിറ്റിക്ക ഈ അഞ്ഞൂറുലക്ഷം ആളുകളിലെ അമേരിക്കക്കാരായവരെ എല്ലാം അനലൈസ് ചെയ്തു. (നമ്മൾ ഇന്റർനെറ്റിൽ നടത്തുന്ന നൂറിൽ താഴെ ഇടപെടലുകളിൽ നിന്നും നമ്മുടെ രാഷ്ട്രീയവും മതവും മറ്റു സ്വഭാവങ്ങളും ഒക്കെ കണ്ടു പിടിക്കാം എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ). ഇങ്ങനെ ആളുകളെ വിശകലനം ചെയ്ത് കിട്ടിയ വിവരം അനുസരിച്ച് സ്ഥാനാർഥിയായ ട്രംപിന് അനുകൂലമായ വാർത്തകളും പ്രചാരണങ്ങളും അവരുടെ ടൈംലൈനിൽ എത്തിച്ചു. ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഈ തന്ത്രം വലിയ പങ്കു വഹിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ തന്ത്രം ആണ് കേംബ്രിഡ്ഡ് അനാലിറ്റിക്ക ഇപ്പോൾ മറ്റു രാജ്യങ്ങളിൽ വിൽക്കാൻ ശ്രമിക്കുന്നത്. വേണമെങ്കിൽ കുറച്ച് “എരിവും പുളിയും” ഉള്ള വാർത്തകൾ ഉണ്ടാക്കി തരാം എന്ന് കൂടി അവർ അവരെ ചെന്നുകണ്ട പത്ര റിപ്പോർട്ടറോട് പറഞ്ഞുവത്രേ (ശ്രീലങ്കയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം എന്ന പേരിൽ ആണ് റിപ്പോർട്ടർ അനാലിറ്റിക്കായുടെ ബോസിനെ കണ്ടത്)
ഫേസ്ബുക്കിൽ ഇത്തരം ആപ്പുകൾ സർവ്വ സാധാരണം ആണല്ലോ. നിങ്ങളുടെ ഭാവിയിൽ നിങ്ങൾ എങ്ങനെ ഇരിക്കും, നിങ്ങളുടെ ഉത്തമ പങ്കാളി ആരാണ് എന്നൊക്കെ ഉള്ള പേരിൽ എത്രയോ ആപ്പുകൾ വരുന്നു, നമ്മൾ അതെല്ലാം കയറി ടെസ്റ്റ് ചെയ്യുന്നു, പങ്കു വക്കുന്നു. ഈ ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് നമ്മൾ ഓരോ സമ്മതങ്ങൾ കൊടുക്കുന്നു. അതിന് വലിയ പ്രാധാന്യം ഉണ്ടെന്ന് നമ്മൾ കരുതുന്നില്ല. അതുപോലെ തന്നെ നമ്മൾ ഫേസ്ബുക്കിൽ നടത്തുന്ന ലൈക്കും കമന്റും ഒക്കെ നമുക്ക് തന്നെ പാരയായി വരാം എന്ന് നമ്മൾ ചിന്തിക്കുന്നില്ല. പക്ഷെ ഇന്റർനെറ്റിലെ അടിസ്ഥാനമായ ഒരു തത്വം ഓർക്കുക. “If you get something free on the internet, YOU are the product”. ഗൂഗിൾ ആണെങ്കിലും ഫേസ്ബുക്ക് ആണെങ്കിലും ആപ്പ് ആണെങ്കിലും വാട്സ്ആപ്പ് ആണെങ്കിലും അവർ എല്ലാം നമ്മളെ മറിച്ചു വിൽക്കുകയാണ്. നമ്മൾ നടത്തുന്ന ഓരോ ഇടപെടലുകളും നമ്മളെ പറ്റിയുള്ള കൂടുതൽ വിവരം അവർക്ക് നൽകുകയാണ്, നമ്മൾ ഓരോ ആപ്പും എടുത്ത് കളിക്കുമ്പോൾ സ്വയം ആപ്പിലാവുകയാണ്.
രണ്ടായിരത്തി പതിനാറിലെ അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലത്തെ റഷ്യ സ്വാധീനിച്ചു എന്നും അതിന് ബ്രിട്ടനിലെ സ്വകാര്യ കമ്പനികൾ കൂട്ട് നിന്നു എന്നും ഫേസ്ബുക്ക് അതിനുള്ള അവസരം ഒരുക്കി എന്നുമൊക്കെയാണ് ഇപ്പോൾ വരുന്ന വാർത്തകൾ. രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും കേരളത്തിലെ ഏറെ ആളുകൾ ഫേസ്ബുക്ക് ഉപഭോക്താക്കൾ ആയിരിക്കും, അവരിൽ ഭൂരിഭാഗവും വഴിയേ പോകുന്ന ഏത് ആപ്പ് കിട്ടിയാലും അതൊന്നു പരീക്ഷിച്ചു നോക്കുന്നവരും ആണ്. അങ്ങനെ വരുമ്പോൾ നമ്മുടെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയന്ത്രിക്കപ്പെടുന്നത് എവിടെ നിന്നായിരിക്കും ?, അമേരിക്ക, ചൈന, മധ്യേഷ്യ , ശ്രീ ലങ്ക , തമിഴ് നാട് ?. ആരായിരിക്കും നമ്മെ നിയന്ത്രിക്കാൻ നോക്കുന്നത് ? നാടൻ കമ്പനികൾ, ഐസിസ്, മറ്റു മത സംഘടനകൾ, ആഗോള കമ്പനികൾ ?
നമ്മൾ അറിയാതെ നമ്മുടെ തെരഞ്ഞെടുപ്പുകളെ വിദേശത്തിരുന്ന് ആളുകൾ നിയന്ത്രിക്കുന്ന ഒരു കാലം ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ അടിവേരറുക്കൽ ആണ്. ഇതെങ്ങനെയാണ് നിയന്ത്രിക്കുന്നത് എന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് പോലും പിടിയില്ല. അമേരിക്കൻ സെനറ്റ് സുക്കർബർഗിനെ ഒക്കെ വിളിച്ചു ചോദ്യം ചെയ്തു കഴിഞ്ഞു, ബ്രിട്ടൻ പാർലമെന്റും അദ്ദേഹത്ത ഉടൻ വിളിച്ചു വരുത്തുകയാണ്. തൽക്കാലം എങ്കിലും നമ്മുടെ രാഷ്ട്രീയക്കാരുടെ ചിന്താമണ്ഡലത്തിൽ ഇതൊന്നും എത്തിയിട്ടില്ല. കേരള യാത്ര നടത്തിയും മൈതാന പ്രസംഗം നടത്തിയും ഒക്കെ തിരഞ്ഞെടുപ്പ് ജയിക്കുന്ന കാലം കഴിയുകയാണ്. നിങ്ങൾ അറിയാത്ത ശക്തികൾ ആണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ പോകുന്നത്. ഇതിന്റെ സാധ്യതയെ പറ്റി, ഇതെങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി ഒക്കെ നാം ഇപ്പോഴേ ചിന്തിക്കണം. മുൻകരുതലുകൾ എടുക്കണം. ജനാധിപത്യം തീർന്നാൽ എല്ലാം തീർന്നു.
രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയേണ്ട. നമ്മുടെ ചിന്തയിലും ഇതൊന്നും വരുന്നില്ല. ഓരോ ദിവസവും ഓരോ വിഷയത്തിന്റെ പുറകിൽ പോവുകയാണ് നമ്മളും. മാറുന്ന ലോകത്ത് നമ്മളുടെ അഭിപ്രായം പ്രധാനമായി നിലനിൽക്കണം എങ്കിൽ കൂടുതൽ പ്രാധാന്യം ഉള്ള വിഷയങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയും എത്തണം.
എന്‍റെ വായനക്കാർ ഒരു കാര്യം എങ്കിലും ചെയ്യണം. ഒരു കാരണവശാലും കണ്ണിൽ കാണുന്ന ആപ്പിലെല്ലാം കൊണ്ടുപോയി തലയിടരുത്. വളരെ നിരുപദ്രവം എന്ന് തോന്നുന്ന ആപ്പിൽ കൂടിയാകും നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ ഉപയോഗിക്കാവുന്ന വിവരങ്ങൾ അവർ ചോർത്തിയെടുക്കുന്നത്. കേട്ടിടത്തോളം നിങ്ങളുടെ മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളുടെ വിവരണങ്ങൾ ചോർത്താനും അവർക്ക് സാധിക്കും. അതുകൊണ്ട് ഇനി അങ്ങനെ ഏതെങ്കിലും ആപ്പിൽ തലവച്ചു എന്ന് കാണുന്ന സുഹൃത്തുക്കളെ അപ്പോഴേ പിടിച്ചു പുറത്താക്കും. അതുകൊണ്ടൊന്നും ഈ പുതിയ ലോകത്ത് വലിയ രക്ഷ ഒന്നുമില്ല എന്നെനിക്കറിയാം, എന്നാലും ഒരു ചെറുത്ത് നിൽപ്പെങ്കിലും വേണ്ടേ?

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.