“ഡിസംബറിന് മുൻപ് ഭൂമി കുലുങ്ങുമോ ചേട്ടാ?” മുരളി തുമ്മാരുകുടി

0

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഒരു നൂറു പേര്‍ എന്നോട് ഈ ചോദ്യവും ആയി വന്നു. ഒരു വാട്ട്സ്ആപ്പ് മെസ്സേജ് കണ്ടിട്ടാണ് ചോദ്യം. ഡിസംബറിന്റെ മുന്‍പ് ഭൂമി കുലുങ്ങുമെന്നും സുനാമി ഉണ്ടാകുമെന്നും വലിയ കാറ്റടിക്കും എന്നൊക്കെയാണ് പ്രവചനം.
ആദ്യമേ വായിച്ചപ്പോള്‍ ചിരി വന്നു. ഓണ്‍ലൈന്‍ ആയി ജോലി ഓഫര്‍ ഒക്കെ കിട്ടിയിട്ടുള്ളവര്‍ക്കറിയാം ലണ്ടനില്‍ നിന്നും മാസം പത്തു ലക്ഷം രൂപയുടെ ശമ്പളം ഒക്കെയായി ജോലി ഓഫര്‍ ചെയ്യുന്ന എഴുത്തു കണ്ടാല്‍ ഇംഗ്ലണ്ട് കണ്ടിട്ടില്ലാത്ത ആരോ എഴുതിയതാണെന്ന് വ്യക്തമാകും. അതുപോലെയാണ് ഈ മുന്നറിയിപ്പിലെ ഭാഷയും വിഷയാവതരണവും. ഇത് ശരിക്കുള്ള സ്ഥാപനം ആണോ, എന്തിന് അതില്‍ പറഞ്ഞിരിക്കുന്ന ആള്‍ തന്നെ ഉള്ളതാണോ എന്ന് പോലും എനിക്കറിയില്ല, അറിയണം എന്ന് ആഗ്രഹവും ഇല്ല കാരണം മുന്നറിയിപ്പിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. “ശുദ്ധ മണ്ടത്തരം” ആണെന്ന് ചോദിച്ചവരോടെല്ലാം പറഞ്ഞു.
അതിനെ പറ്റി ഒരു പോസ്റ്റ് ഇട്ടാലോ എന്ന് ചിന്തിച്ചു. പിന്നെ അത് പോലൊന്ന് എന്റെ ടൈംലൈനില്‍ ഷെയര്‍ ചെയ്ത് എന്ത് കാരണം കൊണ്ടാണെകിലും ഇതുപോലെ ശുദ്ധ വിഡ്ഢിത്തരം എഴുന്നുള്ളിക്കുന്നവര്‍ക്ക് പബ്ലിസിറ്റി കൊടുക്കില്ല എന്ന് തീരുമാനിച്ചതിനാല്‍ ഷെയര്‍ ചെയ്തില്ല. പക്ഷെ ഒന്നിന് പുറകേ ഒന്നായി മണിക്കൂര്‍ കണക്കിന് ആളുകള്‍ ഇതുമായി പ്രൈവറ്റിലും പോസ്റ്റിലും വരികയാണ്.
സത്യം പാന്റ് ഇട്ടു വരുമ്പോഴേക്കും നുണ പാതി ലോകം ചുറ്റി സഞ്ചരിച്ചിരിക്കും എന്നതിന്റെ പ്രത്യക്ഷമായ തെളിവാണിത്. ഭൂമി കുലുക്കമോ സുനാമിയോ ഒന്നും നാല് മാസം പോയിട്ട് നാല് ദിവസം മുന്നേ പോലും പ്രവചിക്കാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ നിലവിലില്ല. കൊടുങ്കാറ്റുകള്‍ക്ക് നാല് മാസം മുന്‍പ് പേരിട്ട് വേഗതയും പ്രവചിക്കാനും ഇപ്പോള്‍ ഒരു കാലാവസ്ഥ ശാസ്ത്രജ്ഞനും കഴിയില്ല. അപ്പോള്‍ ഈ വന്നിരിക്കുന്ന മുന്നറിയിപ്പിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല. ഇതിനെ പറ്റി ഞാന്‍ രണ്ടാമതൊന്നു ചിന്തിക്കുകയോ ഉറക്കം കളയുകയോ ഇല്ല. നിങ്ങളും ഇതിനെ പറ്റി രണ്ടാമതൊന്ന് ചിന്തിക്കേണ്ട കാര്യം ഇല്ല,
ഇത്തരം മുന്നറിയിപ്പുകള്‍ ആദ്യമായിട്ടല്ല ഞാന്‍ കാണുന്നത്. സാധാരണഗതിയില്‍ ചെറിയ ഒരു ദുരന്തം ഉണ്ടായിട്ടുള്ള നാടുകളില്‍ ആണ് പിന്നീട് ഇത്തരം കരക്കമ്പികള്‍ പരക്കുന്നത്. ആളുകള്‍ ചെറുതായിട്ടൊന്നു പേടിച്ചിട്ടുണ്ടാകും, അപ്പോള്‍ എന്ത് പറഞ്ഞാലും ഏല്‍ക്കും. സാധാരണ ഗതിയില്‍ “നാസ” പറഞ്ഞു എന്നാണ് പറയാറ്. ഇതിപ്പോള്‍ നമ്മുടെ തിരോന്തോരത്തെ തന്നെ ഗവേഷണം ആണ്. മുഷിയില്ല. ഇങ്ങനെ ദുരന്ത ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നിയമങ്ങള്‍ ലോകത്ത് പലയിടത്തും ഉണ്ട്.
കേരളത്തില്‍ ഇന്ത്യക്ക് അഭിമാനമായ ഒരു ദുരന്ത നിവാരണ അതോറിറ്റി ഉണ്ട്. ഏതു ദുരന്തത്തെപ്പറ്റിയും ഔദ്യോഗികമായ മുന്നറിയിപ്പ് തരാന്‍ അവര്‍ക്ക് കഴിവുണ്ട്. അവര്‍ ശാസ്ത്രീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അത് ചെയ്യുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇത്തരം പോസ്റ്റ് ഒക്കെ കിട്ടിയാല്‍ ഉടന്‍ അവരെ അറിയിക്കുക, അല്ലാതെ സ്വയം പേടിക്കുകയോ വിശ്വസിച്ചില്ലെങ്കിലും “shared as received” എന്ന തരത്തില്‍ കൈ കഴുകി മറ്റുള്ളവരെ പേടിപ്പിക്കുകയോ ചെയ്യരുത്. പുതിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് ഇത് കുറ്റകരമാണ്.
Sekhar Lukose Kuriakose പോസ്റ്റ് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ഈ സ്ഥാപനം ഉണ്ടോ അതോ ലെറ്റര്‍ പോലും തട്ടിപ്പാണോ എന്ന് ഒന്ന് അന്വേഷിക്കണം. പുതിയ നിയമം അനുസരിച്ച് വല്ലപ്പോഴും എങ്കിലും ആരെയെങ്കിലും ഒക്കെ ഒന്ന് പ്രോസിക്യൂട്ട് ചെയ്ത് ഒന്ന് പേടിപ്പിക്കുന്നതും നല്ലതാണ്.
അപ്പോള്‍ സുഖമായി ഉറങ്ങിക്കോ.
മുരളി തുമ്മാരുകുടി