ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്; മുരളീ തുമ്മാരുകുടി എഴുതുന്നു

2

മാലിന്യ നിർമാർജനത്തിൽ ശ്രദ്ധ പുലർത്തേണ്ട ആവശ്യകതയെപറ്റി ഐക്യരാഷ്ട്രസഭയിലെ ദുരന്ത നിവാരണ വിദഗ്ദ്ധൻ ആയ മുരളീ തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച പോസ്റ്റ്‌ വൈറലാകുന്നു.

ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്

ഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിർമ്മാർജ്ജനത്തിന് വേഗത്തിൽ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി പറഞ്ഞിരുന്നു. ഏറ്റവും വേഗത്തിൽ അത്തരം പ്ലാനുകൾ ഉണ്ടാക്കിയില്ലെങ്കിൽ ആളുകൾ സ്വന്തം വഴി കണ്ടു പിടിക്കും, ആ വഴിയാകട്ടെ പ്രകൃതി സൗഹൃദം ആയിരിക്കുകയും ഇല്ല.

ദുരന്ത ബാധിത പ്രദേശങ്ങളിൽ പലയിടത്തും ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി വീണു കിടക്കുന്നത് കണ്ടു. ആസ്ബസ്റ്റോസ് ഉണ്ടാക്കുന്ന, കാൻസർ ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ശാസ്ത്ര ലോകം ഏറെ നാൾ മുൻപേ മനസ്സിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ലോകത്തെ അനവധി രാജ്യങ്ങളിൽ ആസ്ബസ്റ്റോസ് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. പഴയ കെട്ടിടവും മറ്റും പുതുക്കിപ്പണിയുമ്പോൾ പണിക്കാർക്കും ചുറ്റുമുള്ളവർക്കും ആസ്ബസ്റ്റോസ് നാരുകൾ ശ്വസിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ വലിയ മുൻകരുതലുകളാണ് ഉള്ളത്.

ആസ്ബസ്റ്റോസ് നിയമപരമായി വാങ്ങുവാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആസ്ബെസ്റ്റോസിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി നമുക്കറിയില്ല. അതുകൊണ്ട് മാത്രം കേരളത്തിലെ ആസ്ബസ്റ്റോസ് കുഴപ്പമില്ലാത്തതാകുന്നില്ല. എൻറെ അച്ഛൻ മരിച്ചത് ആസ്ബസ്റ്റോസ് ശ്വസിച്ചത് മൂലം ഉണ്ടാകുന്ന കാൻസർ മൂലമാണ്.

ദുരന്തത്തിന്റെ സാഹചര്യത്തിൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി വീണിട്ടുണ്ടെങ്കിൽ അവ കൈകാര്യം ചെയ്യുന്നതിൽ നല്ല ശ്രദ്ധ വേണം. വിദേശ രാജ്യങ്ങളിൽ ഇതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകൾ തന്നെ ഉണ്ട്, അവർ മാത്രമേ അത് ചെയ്യാവൂ എന്ന് നിയമവും ഉണ്ട്. ഇതൊന്നും ഇപ്പോൾ കേരളത്തിൽ സാധ്യമല്ലാത്തതിനാൽ ചില പ്രായോഗിക നിർദ്ദേശങ്ങൾ തരാം.

1. നിങ്ങളുടെ വീട്ടിലോ, ഓഫിസിലോ, ഫാക്ടറിയിലോ ആസ്ബസ്റ്റോസ് പൊട്ടി വീണിട്ടുണ്ടെങ്കിൽ ഉടനെ പോയി എടുത്തു പൊക്കാൻ നോക്കരുത്. ഒരു മാസ്ക് തീർച്ചയായും ധരിക്കണം. പൊട്ടിയ ഭാഗത്ത് വെള്ളം ഒഴിച്ച് നനച്ചിട്ട് വേണം അത് എടുത്ത് മാറ്റാൻ.

2. ഒരു കാരണവശാലും വലിയ ഷീറ്റിനെ ചെറിയതായി മുറിക്കാൻ ശ്രമിക്കരുത്. ഉപേക്ഷിക്കാൻ എളുപ്പത്തിനായി പൊട്ടിച്ചു ചെറിയ കഷണം ആക്കുകയും ചെയ്യരുത്. ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോളാണ് ഏറ്റവും കൂടുതൽ നാരുകൾ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തിൽ എത്തുന്നതും.

3. പഴയ പൊട്ടിയ ഷീറ്റുകൾ രണ്ടാമത് ഉപയോഗിക്കരുത്. പുതിയതായി ഒരു കാരണവശാലും ആസ്ബസ്റ്റോസ് ഷീറ്റുകൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യരുത്.

4. ആസ്ബസ്റ്റോസ് ഷീറ്റുകൾ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി തെളിവില്ല. അത് ഡ്രിൽ ചെയ്യുകയോ മുറിക്കുകയോ പൊട്ടുകയോ ചെയ്യുമ്പോൾ ആണ് അപകടകരമാകുന്നത്.

5. ആസ്ബസ്റ്റോസ് ഷീറ്റുകൾ എങ്ങനെയാണ് നിർമ്മാർജ്ജനം ചെയ്യേണ്ടതെന്ന് എനിക്കറിയാം. പക്ഷെ എന്റെ അറിവിൽ ഇതിനുള്ള സൗകര്യം കേരളത്തിലില്ല. അങ്ങനെ അറിയുന്നവർ ഉണ്ടെങ്കിൽ ഇവിടെ എഴുതുക. തൽക്കാലം അവ മാറ്റിവെക്കുക, പൊട്ടാതെ നോക്കുക, പുതിയതായി വാങ്ങാതിരിക്കുക എന്നൊക്കെ പറയാനേ എനിക്ക് കഴിയൂ.

ആസ്ബെസ്റ്റോസിനെക്കുറിച്ച് അറിവും നിയമങ്ങളും ഇല്ലാതിരുന്ന ഏറെ രാജ്യങ്ങളിൽ ആ അറിവുണ്ടാക്കാനും നിയമം മാറ്റാനും ദുരന്ത അവസരങ്ങൾ ഉപയോഗിക്കാറുണ്ട്. കേരളവും ഈ അവസരം അതിനും കൂടി ഉപയോഗിക്കണം.
സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി