നമ്മുടെ വീട്ടിലുള്ള പഴയ വസ്തുക്കൾ ദുരന്ത ബാധിതർക്ക് കൊടുക്കരുത്, നമ്മളെ പോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് അവരും; മുരളി തുമ്മാരക്കുടി

0

ലോകത്തിനാകെ മാതൃകയായ രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് കേരളത്തില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണ ഭക്ഷണത്തിന്റെ രൂപത്തിലും പണത്തിന്റെ രൂപത്തിലും വസ്ത്രമായും എല്ലാം ദുരിതാശ്വാസകേന്ദ്രത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നയാണ്. 

എന്നാൽ ഈ അവസരത്തിൽ തികച്ചും നിർഭാഗ്യകരമായ ഒരു പ്രവണത കാണുന്നുണ്ട്. പലപ്പോളും പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങളാണ് ദുരിത്വാശ്വസ കേന്ദ്രങ്ങളിലേക്ക് പലരും അയക്കുന്നത്. ഇത്തരം വസ്ത്രങ്ങൾ യാതൊരു കാരണവശാലും ആരും അയക്കേണ്ടതില്ല. ഇവ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല പലപ്പോളും ദുരിതാശ്വാസ പ്രവർത്തകരുടെ വിലപ്പെട്ട സമയം ഇവ സോർട്ട് ചെയ്യാനും ദുരിതാശ്വാസ കേന്ദ്രത്തിലെ സ്ഥലം ഇവ സൂക്ഷിക്കാനും നഷ്ടമാകുന്നുണ്ട്. ഇതെകുറിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകട സാധ്യത വിഭാഗം തലവന്‍ മുരളി തുമ്മാരക്കുടി കുറിച്ചത് വായിക്കാം.

ദുരന്തകാലത്തെ പഴന്തുണികൾ..

ദുരിതാശ്വാസത്തിന് പഴയതോ പുതിയതോ ആയ തുണികളോ മറ്റു വസ്തുക്കളോ നൽകുന്നത് നല്ല മാതൃകയല്ല എന്ന് ഞാൻ പറഞ്ഞത് പലർക്കും ഇഷ്ടപ്പെട്ടില്ല. ആളുകൾക്ക് ഇഷ്ടപ്പെട്ടത് പറയുക എന്നതല്ല എൻറെ ജോലി, ലോകത്ത് പുതിയതായുള്ള ചിന്തകളും പ്രവർത്തനങ്ങളും മലയാളികളെ അറിയിക്കുക എന്നതാണ്. അതിനാൽ ഒരിക്കൽ കൂടി പറയാം.

ഒരു ദുരന്തകാലത്തും നമ്മുടെ വീട്ടിലുള്ള പഴയ വസ്തുക്കൾ ദുരന്ത ബാധിതർക്ക് കൊടുക്കരുത്. നമ്മളെ പോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് അവരും. ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർ എന്ന നിലയിൽ നമ്മളെക്കാൾ അനുഭവം ഉള്ളവരും. അവരെ പഴയ സാരിക്കും ഷർട്ടിനും വേണ്ടി ക്യൂ നിർത്തി അപമാനിക്കരുത്.

ലോകത്ത് അപൂർവ്വം സ്ഥലങ്ങളിൽ ഒഴിച്ച് ഒരു ദുരന്തത്തിലും അതിൽ നിന്ന് രക്ഷപെട്ടവർക്ക് ദീർഘ കാലം ഭക്ഷണവും വെള്ളവും പുറമേ നിന്ന് കൊണ്ട് കൊണ്ടുക്കേണ്ട ആവശ്യം ഇല്ല. ലോക്കൽ സമ്പദ്‌വ്യവസ്ഥ ഏറ്റവും വേഗത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ് ലക്‌ഷ്യം. അപ്പോൾ ആദ്യ ദിവസങ്ങളിൽ ആവശ്യമുള്ള വസ്തുക്കൾ കൊടുക്കുക, അതിന് ശേഷം സഹായം പണമായി നൽകുക. അത് ആളുകൾ അവർക്ക് എന്താണോ വേണ്ടത് അതിന് ചിലവാക്കും. കുറച്ചൊക്കെ ബിവറേജസും ദുരുപയോഗവും ഒക്കെ ഉണ്ടാകും. എന്നാൽ ആഗോള പരിചയത്തിൽ മൊത്തം നോക്കിയാൽ പണം നൽകുന്നതാണ് കൂടുതൽ നന്നാകുന്നത്. ആർക്ക് കൊടുക്കണം, എങ്ങനെ കൊടുക്കണം, എത്ര വീതം കൊടുക്കണം എന്നൊക്കെ ആണ് ചർച്ചകൾ നടക്കുന്നത് (ഉദാഹരണം ഏറെ വസ്തുക്കൾ വാങ്ങാവുന്ന കൂപ്പൺ കൊടുക്കാം, മദ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ സ്മാർട്ട് കാർഡ് കൊടുക്കാം എന്നിങ്ങനെ മാതൃകകൾ പലതുണ്ട്).

ദുരന്തം ഉണ്ടാകുമ്പോൾ വീട്ടിൽ നിന്നും തന്നെ എന്തെങ്കിലും വസ്തുക്കൾ കൊടുക്കുന്നതിലും, വെള്ളവും ബ്രെഡും ഒക്കെയായി ദുരന്തമുഖത്ത് എത്തുന്നതിലും ഒക്കെയുള്ള ഒരു ‘അനുഭവം’, കുറച്ചുപണം മുഖ്യമന്ത്രിയുടെ അക്കൗണ്ടിൽ അയച്ചുകൊടുത്താലോ, ദുരന്തമുഖത്ത് നേരിട്ട് പോയി കൊടുത്താലോ കിട്ടില്ല എന്നത് സത്യമാണ്. അതുകൊണ്ടാണ് നമുക്ക് ദുരന്തമുഖത്ത് പ്രവർത്തിക്കുന്ന യുവാക്കളുടെ സന്നദ്ധ സേനകൾ വേണ്ടത്. അവരെ പണം കൊടുക്കാൻ കഴിവുള്ളവരും ആയി ബന്ധിപ്പിക്കുന്ന ക്രെഡിബിലിറ്റി ഉള്ളവർ വേണ്ടത്. അങ്ങനെ നമുക്ക് ഉറപ്പുള്ളവർക്ക് നാം പണം കൊടുക്കണം, അവർ ദുരന്ത പ്രദേശത്തു നിന്നും ഏറ്റവും അടുത്ത് നിന്നും, ദുരന്തത്തിൽ നിന്നും രക്ഷപെട്ടവരുടെ ആവശ്യം അനുസരിച്ച് വേണ്ട വസ്തുക്കൾ വാങ്ങി കൊടുക്കട്ടെ. വേണമെങ്കിൽ അതിൻറെ ചിത്രം അയക്കാൻ പറയാം, അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പറയാം.

കേരള സമൂഹം ഒന്നടങ്കം മാറുമെന്ന പ്രതീക്ഷ ഒന്നും എനിക്കില്ല. പഴയ തുണിയും കളിപ്പാട്ടവും കൊടുക്കുന്ന രീതികൾ ഇനിയും തുടരും. എൻറെ വായനക്കാർ എങ്കിലും കുറച്ചെങ്കിലും മാറി ചിന്തിക്കണം. ആകുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള ആളുകൾക്ക് അല്ലെങ്കിൽ സംഘടനകൾക്ക് കൊടുക്കുക.

മുരളി തുമ്മാരുകുടി