നിങ്ങളുടെ സ്‌നേഹം തുണ്ടായി ഇന്റർനെറ്റിൽ എത്താതിരിക്കാൻ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു

2

സാങ്കേതികവിദ്യകള്‍ വളരുന്നതിനൊപ്പം തന്നെ അതിന്റെ അപകടങ്ങളും സാധ്യതകളും വളരുകയാണ്. ഫോണുകളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ പലപ്പോഴും അവ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറുകയും ചെയ്യുന്നുണ്ട്. പലപ്പോഴും സ്വകാര്യം എന്ന പേരില്‍ അറിഞ്ഞോ അറിയാതെയോ   ചിത്രീകരിക്കപ്പെടുന്ന വീഡിയോകള്‍ പലരുടെയും ജീവിതം നശിപ്പിച്ചു. ഈ വിഷയത്തിന്റെ ഗൌരവത്തെ കുറിച്ചു മുരളി തുമ്മരക്കുടി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. കുറിപ്പ് വായിക്കാം:

തുണ്ടുതുണ്ടാകുന്ന വിശ്വാസം.

കഴിഞ്ഞ വർഷം ഇറ്റലിയിൽ ഒരു സംഭവമുണ്ടായി. ഒരു ഇറ്റാലിയൻ പെൺകുട്ടി സ്വന്തം ബോയ്‌ഫ്രണ്ടിനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം ഇൻറർനെറ്റിൽ പ്രചരിച്ചു. പെൺകുട്ടി അറിഞ്ഞുതന്നെയാണ് വീഡിയോ എടുത്തത്. “നീ വീഡിയോ എടുക്കുകയാണോ” എന്ന് പെൺകുട്ടി തുടക്കത്തിൽ ചോദിക്കുന്നുമുണ്ട്. എങ്ങനെയാണ് സ്വകാര്യമായി പകർത്തിയ ഈ വീഡിയോ ഇന്റർനെറ്റിലെത്തിയതെന്ന് വ്യക്തമല്ല. മാനഹാനി കൊണ്ട് വിഷാദരോഗം ബാധിച്ച പെൺകുട്ടി ഒടുവിൽ ആത്മഹത്യ ചെയ്തു.

ഇത് ഇറ്റലിയിലെ മാത്രം കാര്യമല്ല. ലോകത്തെമ്പാടു നിന്നും പലരുടെയും സ്വകാര്യനിമിഷങ്ങളുടെ വീഡിയോകൾ പലപ്പോഴും പൊതുമാധ്യമത്തിൽ എത്താറുണ്ട്. ചിലപ്പോൾ രണ്ടു പേരുടെയും അറിവോടെ, ചിലപ്പോൾ ഒരാളുടെ മാത്രം അറിവോടെ, മറ്റു ചിലപ്പോൾ രണ്ടുപേരും അറിയാതെ എടുത്തവ. സ്മാർട്ട് ഫോണുകളുടെ കാലത്ത് ഈ വീഡിയോ എടുക്കൽ ഒന്നും പ്രയാസമുള്ള കാര്യമല്ല. പക്ഷെ സ്മാർട്ട് ഫോണിന്റെയും ഇന്റെർനെറ്റിന്ററിയും ലോകത്തിന് ചില ദൂഷ്യവശങ്ങളുണ്ട്. ഒരിക്കൽ എടുത്താൽ പിന്നെ വീഡിയോ ദൃശ്യങ്ങൾ മായ്ച്ചുകളയുക പ്രായോഗികമായി എളുപ്പമല്ല. നമ്മൾ ഡിലീറ്റ് ചെയ്താലും അല്പം ബുദ്ധിയുള്ളവർക്ക് അതെളുപ്പം തിരിച്ചുപിടിക്കാൻ പറ്റും. ഫോൺ നശിപ്പിച്ചുകളയുക എന്നതല്ലാതെ വേറെ മാർഗ്ഗമില്ല.

നമ്മുടെ ഫോണിൽ സ്വകാര്യമായിരിക്കുന്നതല്ലേ എന്നാശ്വസിക്കാൻ വരട്ടെ. നമ്മുടെ ഫോൺ മറ്റൊരാൾക്ക് ഹാക്ക് ചെയ്യാൻ നിമിഷങ്ങൾ മതി. അത് നമ്മൾ ഫോൺ റിപ്പയറിനോ റീചാർജിങിനോ കൊടുക്കുമ്പോഴോ, അറിയാതെ നഷ്ടപ്പെട്ടാലോ ആകാം. സത്യത്തിൽ നാം അറിയാതെ നമ്മുടെ സ്വകാര്യനിമിഷങ്ങൾ നമ്മുടെ കംപ്യൂട്ടറും ഫോണും റെക്കോർഡ് ചെയ്യുന്നുണ്ടോ, നമ്മുടെ ഫോണിൽ റെക്കോർഡ് ചെയ്യുന്ന പലതും ഫോൺ തന്നെ ആർക്കെങ്കിലും ചോർത്തിക്കൊടുക്കുന്നുണ്ടോ എന്നൊക്കെയുള്ള സംശയം അസ്ഥാനത്തല്ല. നമ്മുടെ വീട്ടിലുള്ള പുതിയ ജനറേഷൻ ടി വി പോലും നമ്മുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നു എന്നും, വേണമെങ്കിൽ നമ്മെ റെക്കോർഡ് ചെയ്ത് മറ്റൊരാൾക്ക് അയച്ചുകൊടുക്കാൻ സാധിക്കുമെന്നുമുള്ള വാർത്ത കുറച്ചു നാൾ മുൻപ് ഉണ്ടായിരുന്നു.

നമ്മൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സ്വയമോ മറ്റുള്ളവർ വഴിയോ നമ്മുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ എത്തിക്കുന്നത് കൂടാതെ പങ്കാളികളിലൊരാൾ സ്വയം ‘പൊങ്ങച്ച’ത്തിനുവേണ്ടി മറ്റുള്ളവരെ കാണിക്കാനോ, അല്ലെങ്കിൽ വീഡിയോ എടുത്തതിന് ശേഷം ബ്ലാക്ക്മെയിൽ ചെയ്യാനോ ഉള്ള സാധ്യതയുമുണ്ട്. വീഡിയോ എടുക്കുന്ന സമയത്ത് നിങ്ങൾ എത്ര അടുത്ത സുഹൃത്തുക്കളായിരുന്നു, എത്രമാത്രം പരസ്പരം വിശ്വസിച്ചിരുന്നു, എന്നതൊന്നും ഇതിന് തടസ്സമാകുന്നില്ല. ഇംഗ്ലീഷിൽ ‘റിവഞ്ച് പോൺ’ എന്നൊരു വിഭാഗം തന്നെയുണ്ട്. തന്നെ വിട്ടുപോകുന്ന പങ്കാളിക്ക് ഒരു പണി കൊടുക്കാനായി പൊതുവെ പുരുഷന്മാർ ചെയ്യുന്ന വേലയാണിത്. പല രാജ്യങ്ങളിലും ഇതിനെ ചെറുക്കാൻ വേണ്ടി മാത്രം നിയമങ്ങളുണ്ട്.

ഇന്ത്യയിൽ റിവഞ്ച് പോണിനെതിരെ മാത്രമായി പ്രത്യേക നിയമമൊന്നുമില്ല. ദിവസവും ഒന്നോ അതിലധികമോ തുണ്ടുകൾ ‘desi scandal video’ എന്ന പേരിൽ ഇറങ്ങുന്നുണ്ട്. ഇത് മുൻപ് പറഞ്ഞതുപോലെ ഒന്നുകിൽ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീയുടെ അറിവോടെയോ അല്ലാതെയോ പകർത്തിയതാകാം. എന്തായാലും സ്നേഹത്തിലും വിശ്വാസത്തിലുമിരിക്കുമ്പോൾ രണ്ടുപേർ ചേർന്ന് സ്വകാര്യമായി നടത്തിയ കാര്യങ്ങൾ പിന്നീട് തുണ്ടുകളായി ഇന്റർനെറ്റിൽ പറക്കുകയാണ്. ഇതിൽ എത്രയോ അധികം തുണ്ടുകൾ വാട്ട്സാപ്പിൽ കാണും. പുറത്തു വിടും എന്ന് പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യുന്നത് ഇതിലും പതിന്മടങ്ങായിരിക്കും. ഇങ്ങനെ ഒരു വാർത്ത ഇല്ലാത്ത ഒരാഴ്ച പോലും കേരളത്തിൽ കടന്നു പോകുന്നില്ലല്ലോ. ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകാതിരിക്കാനും അതിൽ പെട്ടാൽ രക്ഷപെടാനും ആളുകൾ ശ്രദ്ധിക്കേണ്ടതാണ്.

ചില നിർദ്ദേശങ്ങൾ മാത്രം ഇവിടെ പറയാം.

1. നല്ല കുട്ടികൾ അശ്ലീലവീഡിയോ ഒന്നും കാണില്ല എന്നാണല്ലോ വെയ്പ്പ്. ആ നല്ലകുട്ടി സ്വഭാവമൊക്കെ ഒന്നു മാറ്റിവെച്ച് ‘Indian sex scandal’ എന്ന വിഷയത്തിൽ അല്പം ഗൂഗിൾ ഗവേഷണം നടത്തണം. എങ്ങനെയാണ് ഇന്ത്യയൊട്ടാകെ ഒരു പകർച്ചവ്യാധിയായി ഈ പ്രശ്നമുള്ളതെന്ന് മനസ്സിലാക്കണം.

2. നിങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയുമായി അടുത്തിടപഴകുന്നതിനോ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനോ ഞാൻ എതിരല്ല. എന്നാൽ അത് റെക്കോർഡ് ചെയ്യപ്പെടാനുള്ള സാധ്യത മനസ്സിലുണ്ടാകണം. വീട്ടിലോ ഓഫിസിലോ ഹോട്ടലിലോ എവിടെ ആണെങ്കിലും ഒളികാമറ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. അറിഞ്ഞുകൊണ്ട് ഒരിക്കലും സ്വകാര്യനിമിഷങ്ങൾ റെക്കോർഡ് ചെയ്യാൻ സമ്മതിക്കുകയും അരുത്. അതിന്റെ പേരിൽ ബന്ധം തന്നെ തകർന്നാലും. അപ്പോഴത്തെ സ്നേഹത്തിൽ ചെയ്യുന്ന അഡ്ജസ്റ്റ്മെന്റ് പിന്നീട് വലിയ പാരയായേക്കാം. ഏറെ നിർബന്ധിച്ചാൽ അവരോടും മുൻപറഞ്ഞ ഗൂഗിൾ സെർച്ച് ചെയ്യാൻ പറയുക.

3. ഇങ്ങനെ ഒരു വീഡിയോയുടെ പേരിൽ പങ്കാളിയോ മറ്റൊരാളോ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ ഒരിക്കലും അതിന് വഴങ്ങരുത്. ബ്ലാക്ക്മെയിലിങ്ങിന്റെ ഒരു മനഃശാസ്ത്രം അതൊരു ‘ഒറ്റത്തവണ തീർപ്പാക്കൽ’ അല്ല എന്നതാണ്. ഒരിക്കൽ നമ്മൾ വഴങ്ങിയാൽ ഡിമാൻഡ് കൂടി വരും. അവസാനം നമ്മൾ തിരിച്ചടിക്കുകയോ പൂണ്ണമായോ കീഴടങ്ങുകയോ ചെയ്യുന്നതുവരെ അത് നമ്മളെ ഉപദ്രവിക്കും. പതിനായിരം രൂപ കൊടുത്തോ, ഭീഷണിക്ക് വഴങ്ങി മറ്റൊരാൾക്ക് കൂടി വഴങ്ങിക്കൊടുത്തോ പ്രശ്നം തീർക്കാം എന്നു കരുതരുത്. പതിനായിരം പിന്നീട് രണ്ടുലക്ഷമാകും, ഒരാൾ രണ്ടും പത്തുമാകും. ഭീഷണിയുണ്ടായാലുടൻ പോലീസിനെ അറിയിക്കുക, മാതാപിതാക്കളെയും. അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതം എന്തായാലും ഭീഷണിയുടെ പ്രത്യാഘാതത്തെക്കാൾ കുറവായിരിക്കും, ഉറപ്പ്. ഇക്കാര്യം പോലീസിൽ എത്തിയാൽ നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചവരാണ് ജയിലിൽ ആകുന്നത്. കേരളത്തിൽ അടുത്തുണ്ടായ ബ്ലാക്ക് മെയിൽ ശ്രമം ശ്രദ്ധിക്കുക. ആ പ്രശ്നം പോലീസിൽ അറിയിച്ചതോടെ സമൂഹം ബ്ലാക്ക് മെയിലിംഗിന് ഇരയായവരോട് എത്ര പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്നും പ്രതികളുടെ കാര്യം എത്ര കുഴപ്പത്തിൽ ആയി എന്നും ശ്രദ്ധിക്കുക. ബ്ലാക്ക് മെയിലിംഗിന് വഴങ്ങി മിണ്ടാതിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ അവർ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നേനെ.

4. ഒരു വീഡിയോക്ലിപ്പ് ഇന്റർനെറ്റിൽ വന്നതുകൊണ്ട് ജീവിതം പോയി എന്നൊന്നും കരുതാനില്ല. ദിനവും ഒരെണ്ണമെങ്കിലും ഇന്ത്യയിൽനിന്നും ഇന്റർനെറ്റിൽ വരുന്നുണ്ടെന്ന് പറഞ്ഞല്ലോ. നിങ്ങൾക്ക് ഇഷ്ടമുള്ള ഒരാളോട് അടുത്തിടപഴകി, അഥവാ, സെക്സിൽ ഏർപ്പെട്ടു എന്നതൊന്നും ഒരു കുറ്റമല്ല. കുറ്റം ചെയ്തവർ ആ വീഡിയോ പ്രചരിപ്പിച്ചവരാണ്. അവർക്കാണ് മാനഹാനിയുണ്ടാകേണ്ടത്.

5. നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന, അറിയുന്ന, വിശ്വസിക്കുന്നവർ ആണ് പലപ്പോഴും ഇത്തരം ചെറ്റത്തരം കാണിക്കുന്നത്. ആളുകളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യാമെങ്കിലും ഇത്തരം സാധ്യതകളെ മുൻകൂട്ടി കാണണം. ‘എന്നെ വിശ്വാസമില്ലേ?’ എന്ന് ചോദിച്ചാൽ ‘ഇക്കാര്യത്തിൽ ഇല്ല’ എന്നായിരിക്കണം ഉത്തരം. സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ സ്നേഹം തുണ്ടാകും, വിശ്വാസം തുണ്ടുതുണ്ടായി നഷ്ടപ്പെടുകയും ചെയ്യും.