91 വര്‍ഷമായി ഇന്ത്യയില്‍ കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രമുണ്ടെന്നു അറിയാമോ ?

0

സ്മാര്‍ട്ട്‌ ഫോണുകളും ലാപ്‌ടോപ്പുകളും നമ്മുടെ ജീവിതത്തെ കൈയ്യടക്കിയപ്പോള്‍ നമ്മള്‍ പതിയെ മറന്നു തുടങ്ങിയ രണ്ടു കാര്യങ്ങളുണ്ട്. പത്രം വായനയും, പുസ്തകവായനയും. കൈയ്യിലുള്ള സ്മാര്‍ട്ട്‌ ഫോണില്‍ ലോകത്തെ എന്ത് വാര്‍ത്തയും ലഭിക്കുമെന്നായപ്പോള്‍ നമ്മള്‍ വാര്‍ത്തകളും വിവരങ്ങളും അതിലൂടെ അറിയാന്‍ തുടങ്ങി. ഇതാണ് പത്രങ്ങളെ ബാധിച്ചു തുടങ്ങിയത്. ഒട്ടുമിക്ക പത്രങ്ങളും ഓണ്‍ലൈന്‍ എഡിഷന്‍ കൂടി ആരംഭിച്ചതോടെ പിന്നെ പറയുകയും വേണ്ട എന്നായി സ്ഥിതി. എന്നാല്‍ ഈകാലത്തും കൈകൊണ്ടെഴുതി പ്രസിദ്ധീകരിക്കുന്ന ഒരു പത്രം നമ്മുടെ ഇന്ത്യയിലുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?

ചെന്നൈയില്‍ നിന്നിറങ്ങുന്ന ‘ദ മുസല്‍മാന്‍ ‘ എന്ന പത്രമാണ് ഈ മാറിയ കാലത്തും ഇങ്ങനെ വ്യത്യസ്തത നിലനിര്‍ത്തുന്നത്. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. 1927-ല്‍ പ്രവര്‍ത്തനമാരംഭിച്ച് 91 വര്‍ഷം പിന്നിടുമ്പോള്‍ ടെക് ലോകത്ത് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഈ പത്രം.

ചെന്നൈയിലെ ആസ്ഥാനത്ത് സൈദ് അരിഫുള്ള എന്ന എഡിറ്ററുടെ നേതൃത്വത്തില്‍ വായനക്കാര്‍ക്ക് മികച്ച വാര്‍ത്തകള്‍ നല്‍കാന്‍ ദ മുസല്‍മാന്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 13 ബിരുദങ്ങളുള്ള വ്യക്തിയാണ് സൈദ് അരീഫുള്ള. ബൈലൈനുകളില്ലാത്ത ഈ പത്രം രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്തുവിദഗ്ധരും ചേര്‍ന്നാണ് അവസാനഘട്ടത്തിലെത്തിക്കുന്നത്. രാവിലെ പത്തിന് എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചാല്‍ ഉച്ചയ്ക്ക് ഒന്നാകുമ്പോഴേക്കും പ്രിന്റിംഗ് തുടങ്ങും. സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസല്‍മാന്റെ സര്‍ക്കുലേഷന്‍ 21,000 കോപ്പികളാണ്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ പത്രവും ഇതുതന്നെ.