രാഷ്ട്രീയമാകാം- രാഷ്ടീയ വ്യഭിചാരമാകരുത്

0

ആരെയും എപ്പോഴും എന്തും വിളിക്കാമെന്ന് കരുതുന്നവരാണ് കേരളത്തിലെ രാഷ്ടീയ പ്രവർത്തകർ എന്നു വേണം അനുമാനിക്കാൻ . ഇന്നലെ മുസ്ലീം ലീഗിൻ്റെ വക്താവായി വന്നു പ്രസംഗിച്ച ഒരു നേതാവ് കേരളത്തിലെ ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ്റെയും വിവാഹത്തെ വിശേഷിപ്പിച്ചത് വ്യഭിചാരമെന്നാണ്. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഈ നേതാവ് ഇത്തരമൊരു പദപ്രയോഗം നടത്തിയതെന്ന് അറിയില്ല.

ഒരു കാര്യം തീർച്ചയാണ് ഇങ്ങനെ വിശേഷിപ്പിച്ച ലീഗ് നേതാവിൻ്റെ മത മൗലിക മനസിന് ഈ വിവാഹത്തെയോ ഇത് പോലുള്ള വിവാഹങ്ങളെയോ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു മുസ്ലീം യുവാവിൻ്റെ വധുവായി, ഭാര്യ’യായി വരേണ്ടത് ഒരു മുസ്ലീം പെൺകുട്ടി തന്നെയായിരിക്കണം എന്ന അദ്ദേഹത്തിൻ്റെ മത ബോധം വളരെ സങ്കുചിതമാണെന്ന് തുറന്നു കാണിക്കപ്പെടേണ്ടതുണ്ട്. വ്യഭിചാരവും സദാചാരവും തമ്മിലുള്ള വ്യത്യാസം മതത്തിൻ്റെ മഞ്ഞക്കണ്ണിലൂടെ കാണുമ്പോൾ ഇതു മാത്രമല്ല ഇതിനപ്പുറവും പറയാൻ ഇത്തരം നരാധമന്മാർ തയ്യാറായേക്കും. എന്നാൽ കേരളം പോലുള്ള ഒരു സംസ്ഥാനത്തിനകത്ത് നിന്ന് ഇങ്ങിനെ വിളിച്ചു കൂവാൻ ഇനിയും അനുവദിക്കുന്നത് ശരിയല്ല. ഒരു അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെയും പിൻബലം ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്താനുള്ള ‘പിടിവള്ളിയായി അംഗീകരിക്കാൻ കഴിയില്ല. ഈ അഭിപ്രായ പ്രകടനം പോലും ശിക്ഷാർഹമായി പരിഗണിച്ച് കേസെടുക്കേണ്ടതാണ്.

വിവാഹിതരാകാനുള്ള സ്വാതന്ത്ര്യവും സ്വന്തം പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യവും മതമേലധികാരികളിൽ നിന്ന് വാങ്ങേണ്ടി വരിക എന്നത് ദു:ഖകരമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല എന്നും മതം മനുഷ്യനെ വെറുക്കുന്ന രോഗമാണെന്നും തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ. മതമല്ല പ്രശ്നം അത് കൈകാര്യം ചെയ്ത് വഷളാക്കുന്ന നേതാക്കൾ നാടിൻ്റെ ശാപം തന്നെയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. റിയാസിൻ്റെയും വീണയുടെയും വിവാഹമല്ല വ്യഭിചാരമെന്നും ഇദ്ദേഹത്തിൻ്റെ അഭിപ്രായമാണ് വ്യഭിചാരവും അശ്ലീലവുമെന്ന് ഈ നേതാവിനെ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ആ രാഷ്ടീയ കക്ഷിയിൽ ആരും തന്നെ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അങ്ങിനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു ചെറിയ വിയോജിപ്പിൻ്റെ ശബ്ദമെങ്കിലും തീർച്ചയായും ഉയരേണ്ടതായിരുന്നു.