സ്മൃതിദര്‍പ്പണം : മുത്തുസ്വാമി ദീക്ഷിതര്‍

0
This commemorative stamp was by India in 1976; to commemorate Muthuswamy Deekshithar and his work

കർണ്ണാടക സംഗീത ലോകത്തെ ത്രിമൂർത്തികളായ ശ്യാമശാസ്ത്രികള്‍ , താഗരാജസ്വാമി, മുത്തു സ്വാമി ദീക്ഷിതർ എന്നിവർ കർണ്ണാടക സംഗീത ശാഖായെ പരിപോഷിപ്പിച്ചവരിൽ പ്രമുഖരാണ്. കർണ്ണാടക സംഗീതത്തിന്റെ സുവർണ്ണകാലഘട്ടത്തിൽ ജീവിച്ചിരുന്ന സംഗീത ത്രിമൂർത്തികളിൽ പ്രായംകൊണ്ട് ഇളയതായിരുന്നു മുത്തുസ്വാമി ദീക്ഷിതർ.

അനേകവർഷങ്ങളായി സംഗീതപാരമ്പര്യം ഉയർത്തിപ്പിടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്ന കുടുംബമാണ് ദീക്ഷിതർ കുടുംബം . പണ്ഡിതാഗ്രേസരനും, വാഗ്മിയും സംഗീതജ്ഞനുമായിരുന്നു പിതാവ് രാമസ്വാമിദീക്ഷിതർ. കർണ്ണാടകസംഗീതശാഖയ്ക്ക് അമൂല്യകൃതികൾ സംഭാവന ചെയ്തിട്ടുള്ള രാമസ്വാമിദീക്ഷിതർ ആണ് ഹംസധ്വനി രാഗത്തിന്റെ ഉപജ്ഞാതാവ് എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായി 1776 മാർച്ച് 24ന് മുത്തുസ്വാമി ദീക്ഷിതർ ജനിച്ചു. തഞ്ചാവൂരിനടുത്തുള്ള തിരുവാരൂർ ആണ് സ്വദേശം. ആ കാലഘട്ടത്തിൽ തഞ്ചാവൂർ മാറാത്ത സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ദീക്ഷിതർ ശിവൻ, മുരുകൻ പരാശക്തി തുടങ്ങിയ ദേവതകളെ ഉപാസിക്കുകയും ചെയ്തിരുന്നു.

പിതാവിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചതോടൊപ്പം വീണവായനയിലും, വേദാധ്യായനത്തിലും പ്രാവീണ്യം നേടി. കാവ്യം, അലങ്കാരം, മീമാംസ, ജ്യോതിഷം, വേദാന്തം, താന്ത്രികശാസ്ത്രം മന്ത്രം, തെലുങ്ക്, സംസ്കൃതം എന്നിവയിലെല്ലാം അദ്ദേഹം വ്യുത്പത്തി നേടി.

മുത്തുസ്വാമി ദീക്ഷിതരുടെ ആദ്യഗുരുവായി കരുതപ്പെടുന്നത് പിതാവ് രാമസ്വാമി ദീക്ഷിതർ ആയിരുന്നു. അദ്ദേഹം എല്ലാ ഏകാദശി നാളിലും ഗീതഗോവിന്ദം’ സംഗീതാത്മകമായി പാരായണം ചെയ്തിരുന്നത് മുത്തുസ്വാമി ദീക്ഷിതരും കേട്ടിരുന്നു .അദ്ദേഹത്തിന്റെ ചില രചനകളിൽ അഷ്ടപദിയുടെ സ്വാധീനം കാണുന്നത് ഇതു കൊണ്ടായിരിക്കാം. വാരണാസിയിൽ 5 വർഷം താമസിച്ചിരുന്ന കാലഘട്ടത്തിലാണ് ചിദംബരനാഥയോഗി എന്ന സന്യാസിയുടെ ശിക്ഷണത്തിൽ ഉപരിപഠനം നടത്തിയത്. അദ്ദേഹത്തിൽ നിന്നും ശ്രീവിദ്യാമന്ത്രം ഹൃദിസ്ഥമാക്കുകയായുണ്ടായത്. ഗുരുവിൽ നിന്നും ലഭിച്ച ദീക്ഷയായിരുന്നു ‘ചിദാനന്ദനാഥ്’. മറ്റൊരു ഗുരുനാഥൻ കാഞ്ചിപുരം ഉപനിഷദ് ബ്രഹ്മയോഗിയായിരുന്നു. അദ്ദേഹത്തിൽ നിന്നും ദർശനങ്ങ തത്വങ്ങൾ ഹൃദിസ്ഥമാക്കി. ജയദേവകവിയുടെ ഗീതഗോവിന്ദത്തിന്റെ മാതൃകയിൽ യോഗി രചിച്ച രാമാഷ്ടപദിയിലെ ഗീതങ്ങൾക്ക് സംഗീതം നല്കിയത് ദീക്ഷിതരാണെന്നും അഭിപ്രായമുണ്ട്.

മുത്തുസ്വാമി ദീക്ഷിതരുടെ ജീവിതപന്ഥാവിനെ നേർവഴിക്കു തെളിച്ചത് ദീക്ഷിതർ കുടുംബം സന്ദർശിച്ച ചിദംബരനാഥയോഗി ആയിരുന്നു. ദീക്ഷിതരുടെ ബുദ്ധി ശക്തിയിലും വാക്ചാതുരിയിലും മതിപ്പു തോന്നിയ യോഗി മുത്തുസ്വാമിയെ തന്നോടൊപ്പം കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ സംഗീതാഭ്യസനത്തോടൊപ്പം ഉപനിഷത്ത് , ആഗമങ്ങൾ, പുരാണങ്ങൾ, മതം ശാസ്ത്രം, ജ്യോതിഷം, എന്നിവയിലെല്ലാം ദീക്ഷിതർ അവഗാഹം നേടി. വിദ്യാഭ്യാസത്തിനു ശേഷം ചിദംബരനാഥയോഗിയോടൊപ്പം അനേകം സ്ഥലങ്ങൾ സന്ദർശിക്കുകയും, അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ, സംഗീത ശൈലി, ഭാഷാഭേദങ്ങൾ എന്നിവ മനസ്സിലാക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് ദീക്ഷിതർ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചത്. യോഗിയുടെ ശിക്ഷണത്തിൽ അഞ്ചുവർഷത്തോളം പഠനം തുടർന്നു.

ഗുഹനെ അഥവാ സുബ്രഹ്മണ്യനെ ഗുരുവായി സ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യകൃതിയുടെ രചന നിർവഹിച്ചത്. സംസ്കൃതത്തിൽ മായാമാളവഗൗളരാഗത്തിൽ ശ്രീനാദാദി എന്ന ആദിതാളകൃതി. ഗുരുഗുഹനെ മനസ്സിൽ കണ്ടുകൊണ്ടുതന്നെ ഗുരുഗുഹ എന്ന സംജ്ഞ വാഗ്ഗേയകാരമുദ്രയായി സ്വീകരിക്കുകയും ചെയ്തു. ഗുഹനെ പ്രകീർത്തിച്ച് ഗുരുഗുഹകൃതികൾ എന്ന പേരിൽ 8 കൃതികൾ അടങ്ങിയ കൃതി സമുച്ചയം രചിച്ചു. ഇവ തിരുത്തണികൃതികൾ എന്ന പേരിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ആദ്യകൃതി സമുച്ചയമാണ് ഇത്. ഇതേ തുടർന്ന് ദീക്ഷിതർ ധാരാളം ക്ഷേത്രങ്ങൾ സന്ദർശിക്കുകയും
അവിടുത്തെ ക്ഷേത്രങ്ങളെയും ക്ഷേത്രദേവതകളെയും പ്രകീർത്തിച്ച് കീർത്തനങ്ങൾ രചിക്കുകയും ചെയ്തു.`

അദ്ദേഹത്തിന്റെ രചനകൾ കൂടുതലും സംസ്കൃതത്തിലായിരുന്നുവെങ്കിലും ചില കൃതികൾ മണിപ്രവാളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്.

1835 ലെ ദീപാവലി ദിവസം ശിഷ്യരോട് മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാന്‍ പറഞ്ഞശേഷം അവര്‍ അത് പാടിക്കൊണ്ടിരിക്കെ അദ്ദേഹം ജീവന്‍ വെടിഞ്ഞു.