കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം: ഗോപി കോട്ടമുറിക്കല്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

0

മൂവാറ്റുപുഴ: ഗൃഹനാഥന്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കുട്ടികളെ ഇറക്ക് വിട്ട് വീട് ജപ്തി ചെയ്ത നടപടി വിവാദമായതിന് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച് സിപിഐഎം നേതാവും കേരള ബാങ്ക് ചെയര്‍മാനുമായ ഗോപി കോട്ടമുറിക്കല്‍. പാര്‍ട്ടിനിര്‍ദ്ദേശ പ്രകാരമാണ് രാജി. രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. നേരത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ജപ്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. സംഭവത്തില്‍ നടന്നതെന്തെന്ന് പരിശോധിക്കാന്‍ സഹകരണ സംഘം രജിസ്ട്രാരെ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നാണ് സര്‍ക്കാര്‍ നയം. ഇതിന് വിരുദ്ധമായാണ് മൂവാറ്റുപുഴയിലെ നടപടിയെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.