എന്റെ ഗന്ധര്‍വൻ ഇങ്ങനല്ല: ഉണ്ണി മുകുന്ദൻ

0

ഉണ്ണി മുകുന്ദൻ നായകനാവുന്ന പുതിയ ചിത്രം ഗന്ധർവ ജൂനിയറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മാളികപ്പുറം സിനിമയുടെ വൻ വിജയത്തിന് ശേഷം ഉണ്ണി നായകനായെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയുടെ ഒരു ഫാൻ മേഡ് ചിത്രം പങ്കുവച്ച് ഉണ്ണി പറയുന്ന വാക്കുകളാണ് ശ്രദ്ധേയം. കിരീടം ചൂടി ഗന്ധർവന്റെ രൂപത്തിലുള്ള ഉണ്ണിയുടെ ചിത്രമാണിത്.

‘ഈ എഡിറ്റ് എനിക്ക് ഇഷ്ടമായെന്നും എന്നാൽ എന്റെ ഗന്ധർവന്‍‌ വ്യത്യസ്തനാണെന്നും ഉണ്ണി പറയുന്നു. ‘‘നിങ്ങൾ ഗന്ധർവ ജൂനിയർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’’. ഉണ്ണി ഫെയ്സ്ബുക്കിൽ കുറിച്ചു. ഉണ്ണി മുകുന്ദന്റെ ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്. നിരവധിപ്പേരാണ് കമന്റുമായി എത്തിയത്. പലർക്കും ഉണ്ണി മറുപടിയും നൽകി. പലരും പത്മരാജന്റെ ഗന്ധർവനെയാണ് പരാമർശിക്കുന്നത്. എന്നാൽ ഇത് പുതിയ തരത്തിലുള്ള ഗന്ധര്‍വനാണെന്നാണ് കമന്റുകളിൽ ഉണ്ണി ആവർത്തിക്കുന്നത്.

മിന്നൽ മുരളിക്കു ശേഷം മലയാളത്തിൽ വരുന്ന മറ്റൊരു സൂപ്പർഹീറോ ചിത്രമായിരിക്കുമിത്. 40 കോടിയാണ് സിനിമയുടെ ബജറ്റ്. സെക്കൻഡ് ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകൻ ആവുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ എഴുതുന്നു.പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

സംഗീതം ജേക്സ് ബിജോയ്. എഡിറ്റിങ് അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ, വിഎഫ്എക്സ് മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്. ലിറ്റിൽ ബി​ഗ് ഫിലിംസിന്റെ ബാനറില്‍ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ​ഗന്ധർവ ജൂനിയർ നിർമിക്കുന്നത്.