പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.

ദുബായ് എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ ജനുവരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കൊറോണ മഹാമാരി വ്യാപിച്ച സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇ സന്ദര്‍ശിക്കുന്നത്. 2015, 2018, 2019 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് യുഎഇയില്‍ എത്തിയിട്ടുള്ളത്.

യുഎഇ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നേരിട്ട് അനുശോചനം അറിയിക്കും. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അദ്ദേഹം അഭിനന്ദനമറിയിക്കും. ഒടുവില്‍ നടന്ന സന്ദര്‍ശനത്തില്‍ യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നല്‍കി പ്രധാനമന്ത്രിയെ ആദരിച്ചിരുന്നു.