ഇന്ത്യയിലെ താടിക്കാരൻമാരിൽ ഒന്നാമൻ ഈ മലയാളി

0

ഇന്ത്യയിലെ താടിക്കാരിൽ ഒന്നാമനായി മലയാളി. കൊടുമൺ സ്വദേശിയായ പ്രവീൺ പരമേശ്വറാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 38 ഇഞ്ച് നീളമുള്ള താടിയുമായി നാഷണൽ ബിയേർഡ് ചാമ്പ്യൻഷിപ്പിലാണ് ഈ പത്തനംതിട്ടക്കാരൻ പഞ്ചാബിന്റെയും രാജസ്ഥാനിന്റെയുമൊക്കെ ആധിപത്യം തകർത്ത് ഒന്നാമതെത്തിയത്.

മൂന്നുവർഷമായി മുടങ്ങാതെ നടക്കുന്ന പ്രകടനം ഇത്തവണ ഡൽഹിക്കടുത്ത് ഗുഡ്ഗാവിലായിരുന്നു. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തിലായിരുന്നു റാമ്പിൽ പ്രവീണിന്റെ പ്രകടനം.

ടെക്നോപാർക്കിൽ എഞ്ചിനിയറായിരുന്നു പ്രവീൺ. സിനിമാ മോഹം കാരണമാണ് ജോലി ഉപേക്ഷിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടിയാണ് താടി വളർത്താൻ ആരംഭിച്ചതെങ്കിലും, പിന്നെ അതിനെ സ്നേഹിക്കാൻ തുടങ്ങി. സൺഡേ ഹോളിഡേ,​ ഷെർലക് ടോംസ് ഉൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ടൊവിനോ ചിത്രം ലൂക്കയുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമകളിൽ ആനിമേറ്ററായും ജോലി ചെയ്യുന്നു.

താടി സംരക്ഷിക്കുന്നത് എങ്ങനെയാണെന്ന് ചോദ്യത്തിന് പ്രവീൺ നൽകിയ മറുപടി ഇങ്ങനെ ‘സ്ഥിരമായി താടി കഴുകാറുണ്ട്,​ ഷാംപുവും കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. എണ്ണ ഉപയോഗിക്കുന്നത് വളരെ കുറവാണ്.’