പുതിയ വിദ്യാഭ്യാസ നയം 2020

0

നമ്മുടെ രാജ്യത്തിലെ പ്രാഥമിക പാഠശാലകൾ മുതൽ സർവ്വകലാശാലകൾ വരെ അടച്ചിട്ടിരിക്കുന്ന വർത്തമാന കോവിഡ് കാലത്ത് ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം പുറത്തിറക്കിയിരിക്കുന്നു. ഒരു രാഷ്ട്രത്തിൻ്റെ വിദ്യാഭ്യാസ നയത്തിന് ആ രാഷ്ട്രത്തിൻ്റെ ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണ്ണായകമായ സ്വാധീനമാണുള്ളത്. അത് കൊണ്ട് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതിന് ശേഷവും അംഗീകാരം തേടിയതിനും ശേഷം മാത്രമായിരിക്കണം ഇത്തരമൊരു നയരേഖ പുറത്തിറക്കേണ്ടത്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ഭരണാധികാരികൾ ഇക്കാര്യം മറന്നു പോകുകയോ, ബോധപൂർവം അവഗണിക്കുകയോ ചെയ്തിരിക്കുന്നു. ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ അതിനുള്ള എല്ലാ സാദ്ധ്യതകളും നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇവിടെ അത്തരം ഒരു പരിഗണനയും ഉണ്ടായിട്ടില്ല എന്നുള്ളത് ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിന് സമാനമായ സമീപനം തന്നെയാണ് . മാത്രമല്ല, നമ്മുടെ ഫെഡറൽ ഭരണഘടനയനുസരിച്ച് വിഭജിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ വിദ്യാഭാസം കൺകറൻറ് ലിസ്റ്റിലാണ് ഉൾപ്പെട്ടിട്ടുള്ളത്. അപ്പോൾ ഒരു വിദ്യാഭ്യാസ നയം രൂപപ്പെടുത്തുമ്പോൾ തന്നെ സംസ്ഥാനങ്ങളുടെ താല്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണ്ടതുണ്ട്. നാനാ ത്വത്തിൽ ഏകത്വം എന്നും ബഹുസ്വരത എന്നെല്ലാം അവകാശപ്പെടുമ്പോൾ ഇതിന് പ്രഥമ പരിഗണന തന്നെ നൽകേണ്ടതായിരുന്നു. വിഭിന്നമായ സംസ്കാരങ്ങളെയും ചരിത്രത്തെയും പാടെ മറന്നു കൊണ്ട് പാഠ്യപദ്ധതി രൂപീകരിക്കപ്പെടുന്നത് ചരിത്രത്തോടും സംസ്കാരങ്ങളോടും ചെയ്യുന്ന അക്ഷന്തവ്യമായ കുറ്റം തന്നെയാണ്. ഇന്ന് വരെ നാം പിൻതുടർന്നു വന്നിരുന്നത് നമ്മുടെ വൈവിധ്യങ്ങളെ അംഗീകരിച്ചുള്ള, സമന്വയിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതി തന്നെയാണ്. കേന്ദ്രീകൃതമായ ഒരു പാഠ്യപദ്ധതി നാം പിൻതുടർന്നിരുന്നില്ല.പുതിയ സമീപനത്തിലെ ഏറ്റവും പ്രധാനമായ പ്രശ്നവും അത് തന്നെയാണ്. ഭാരതമാകമാനം ഒരു പാഠ്യപദ്ധതിയിലായിത്തീരുന്നു. ആദ്യ ശ്രവണത്തിൽ കുഴപ്പമില്ല, നല്ലതാണ് എന്നൊക്കെ തോന്നുമെങ്കിലും നേരത്തെ സൂചിപ്പിച്ച ബഹുസ്വരതയുടെ കടക്കൽ കത്തി വെക്കുന്ന ഒരു തീരുമാനമായിട്ടേ ഇതിനെ കാണാൻ കഴിയുകയുള്ളൂ’.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അടിസ്ഥാന ഘടന തന്നെ തിരുത്തപ്പെടുകയാണ്. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശം തന്നെ പുതിയ സമീപനത്തോടെ നിഷേധിക്കപ്പെടുകയാണ്. പകരമായി മൂന്ന് വയസ്സ് മുതൽ വിദ്യാഭ്യാസം എന്ന ഘടന നിലവിൽ വരികയാണ്.. ഇത് തികച്ചും അശാസ്ത്രീയമാണ്. പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ മേൻമയായി അവകാശപ്പെടുന്നത് തൊഴിൽ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ അവസരമുണ്ടാക്കുന്നു എന്നതാണ്‌. ഇവിടെയാണ് ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത്. ശരിയായ വിദ്യാഭ്യാസം ആർജ്ജിക്കേണ്ട കൗമാരക്കാരെ ക്ലാസ് മുറികളിൽ നിന്നും പുറന്തള്ളാനുള്ള ഒരു കുത്സിത ശ്രമമായിട്ടേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ’ ഒരു ജനാധിപത്യ സംവിധാനത്തിൽ ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പഠിക്കേണ്ട വിദ്യാർത്ഥികൾ പണിശാലകളിലേക്ക് പറഞ്ഞയക്കപ്പെടുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാൻ തന്നെയാണെന്ന് പറഞ്ഞാൽ കുറ്റം പറഞ്ഞു കൂടാ..

പുതിയ നൂറ്റാണ്ടിലെ വിദ്യാഭ്യാസ നയം പുതിയ നൂറ്റാണ്ടിന് അനുഗുണമാകുന്ന രീതിയിലുള്ളതായിരിക്കണം. ലോകത്തിന് പ്രതിഭകളെ നൽകുന്ന ഒരു രാജ്യത്തിൻ്റെ വിദ്യാഭ്യാസ നയം ആവിഷ്കരിക്കേണ്ടത് നാളിത് വരെ നാം നേടിയെടുത്ത നേട്ടങ്ങളെ നിരാകരിക്കുന്നതായിരിക്കരുത്. തുടർന്നും നമ്മുടെ കലാശാലകളിൽ വിദ്യാർത്ഥികളെ അന്വേഷിച്ച് വിദേശങ്ങളിൽ നിന്ന് പോലും ആവശ്യക്കാർ വന്നെത്താൻ വഴിയൊരുക്കുന്നതായിരിക്കണം.

ഇത് വരെ സൗജന്യമായി രാജ്യം അനുഭവിച്ചു കൊണ്ടിരുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശവും അട്ടിമറിക്കപ്പെടുകയാണ്. പണമുള്ളവൻ മാത്രം പഠിച്ചാൽ മതി എന്ന ഒരു പുതിയ കീഴ് വഴക്കം ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ മന്ത്രിസഭ മുതൽ ഈ മന്ത്രിസഭ അധികാരത്തിലെത്തുന്നത് വരെയുള്ള അടിസ്ഥാന പ്രമാണങ്ങളാണ് ലംഘിക്കപ്പെടുന്നത്. ഈ കാലയളവിൽ നടന്ന പഠനങ്ങളും വിവിധ വിദ്യാഭ്യാസ കമ്മീഷനുകളുടെ ശുപാർശ പ്രകാരം നടപ്പിലാക്കിയ പരിഷ്കാരങ്ങളും നിരാകരിക്കപ്പെടുന്ന ഈ നയരേഖ അവകാശപ്പെടുന്നത് അധുനിക കാലത്തേക്ക് വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള പാശ്ചാത്യ വിദ്യാഭ്യാസ രീതയാണ് മാതൃകയാക്കിയിട്ടുള്ളതെനാണ്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. വിദ്യാഭ്യാസത്തിൻ്റെ പ്രയാണത്തെ പിന്നോട്ടേക്ക് പിടിച്ചു വലിക്കാനുള്ള മാർഗ്ഗം തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. പുരോഗമനം വാക്കുകളിലൊതുക്കുകയും പ്രാവർത്തികമായി ഹിന്ദുത്വത്തിലധിഷ്ഠിതമായ ഗുരുകുല വിദ്യാഭ്യാസ രീതിയെ, അതിൻ്റെ എല്ലാ നന്മകളും ഒഴിവാക്കി പുനരുജ്ജീവിപ്പിക്കാനുള്ള ഒരു കുത്സിത ശ്രമം തന്നെയാണ് ഈ വിദ്യാഭ്യാസ നയരേഖയിൽ പ്രകടമാകുന്നത്.

ഒരു രാഷ്ട്രത്തിൻ്റെ, ജനതയുടെ സംസ്കാരത്തെയും പുരോഗതിയെയും അടയാളപ്പെടുത്തേണ്ട അടിസ്ഥാന ശിലയായി വർത്തിക്കേണ്ട വിദ്യാഭ്യാസ നയരേഖ ഒരു സമന്വയത്തിലൂടെ ചർച്ച ചെയ്ത് നടപ്പാക്കാനുള്ള വിവേകവും പക്വതയും പ്രകടിപ്പിക്കാനുള്ള സമയം ആഗതമായിട്ടുണ്ടെന്ന കാര്യം ഓർമ്മയിലുണ്ടായിരിക്കണം. രാഷ്ടീയ പിടിവാശികളല്ല, വരാനിരിക്കുന്ന തലമുറയുടെ ഭാഗധേയം തന്നെയാണ് ഇത്തരത്തിലുള്ള നയരൂപീകരണ സമയത്ത് ചിന്തയിൽ പ്രതിഫലിക്കേണ്ടത്.