ഗായിക നയാ റിവേരയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തു

0

കാലിഫോര്‍ണിയ: നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായത്. വെള്ളത്തില്‍ മുങ്ങിപ്പോയ നിലയിലാണ് മൃതദേഹം ലഭിച്ചത്.

ജൂലൈ 9നാണ് നാല് വയസ്സുള്ള മകനൊപ്പം ബോട്ടില്‍ യാത്രചെയ്യവേ നയായെ കാണാതാകുന്നത്. സംഭവത്തിന് തൊട്ടുമുന്‍പ് മകനൊപ്പമുള്ള ചിത്രം നിയാ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ റിവേര ബുധനാഴ്ച ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനുമായി ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കണ്ടിരുന്നതായും സാക്ഷികളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

2009 മുതല്‍ 2015 വരെ ഫോക്‌സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര പ്രത്യക്ഷപ്പെട്ടു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.