നയന്‍താരയുടെ നിഗൂഢതകൾ നിറഞ്ഞ “നിഴൽ”; ട്രെയ്‌ലർ പുറത്തിറങ്ങി

0

ഒരിടവേളക്കു ശേഷം തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മലയാളത്തിലും ; ആദ്യമായി കുഞ്ചാക്കോ ബോബനുമൊത്ത് ഒന്നിക്കുന്ന ‘നിഴല്‍’ ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരവും നേടിയ ചിത്രസംയോജകന്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴലിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

നിഴൽ എന്ന സിനിമയുടെ പേര് തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം. പേര് സൂചിപ്പിക്കുന്നത് പോലെ ‘നിഴല്‍’ ഒരു ത്രില്ലറാണ്, ഒപ്പം നിഗൂഢതയും. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പേരില്‍ തൊട്ട് ടൈറ്റില്‍ പോസ്റ്റര്‍, ഫസ്റ്റ് ലുക്ക് എല്ലാത്തിലും കുറച്ച് നിഗൂഢത അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് “നിഴൽ”. അത് തന്നെയാണ് പ്രേക്ഷകരുടെ ആകാംക്ഷയും. ചിത്രത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബന്‍ എത്തുമ്പോള്‍ ഷര്‍മിളയായി നയന്‍സും വേഷമിടുന്നു.

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, സിയാദ് യദു, അനീഷ് ഗോപാല്‍, സാദിക്ക്, ദിവ്യപ്രഭ, ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് താരങ്ങൾ. സാധാരണ ഒരു ചിത്രത്തിന്റെ നിര്‍മ്മാണം എന്ന ടൈറ്റല്‍ വരുമ്പോള്‍ രണ്ട് അല്ലേല്‍ മൂന്ന് പേരുടെ പേരുകള്‍ കാണാറുണ്ട്. എന്നാല്‍ നിഴല്‍ എന്ന ചിത്രത്തിന് അഞ്ച് പേരുകള്‍. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമായിട്ടാവും ടൈറ്റിലില്‍ തന്നെ 5 പേരുകള്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം, അഭിജിത്ത് എം പിള്ള, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞുണ്ണി സി.ഐ, ജിനു വി നാഥ് എന്നിവരാണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്.