ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി നസ്രിയ; , ‘ട്രാന്‍സി’ലെ സ്റ്റൈലിഷ് ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകര്‍

0

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി സണ്‍ഗ്ലാസ് വച്ച്സ്റ്റൈലിഷ് ഗെറ്റപ്പിൽ ട്രാന്‍സിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകരെ അമ്പരപ്പിക്കുന്നതാണ് ട്രാൻസ് സിനിമയിൽ നസ്രിയയുടെ ലുക്ക്. ഫഹദ് ഫാസില്‍- നസ്രിയ താരജോഡികളെ ഒന്നിപ്പിച്ചു അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്.വിവാഹശേഷം നടി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ട്രാൻസ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലാണ് ഇതിന് മുമ്പ് നടി അഭിനയിച്ചത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫഹദിന്റെ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. ഒറ്റനോട്ടത്തില്‍ കണ്ണില്‍ ഉടക്കുന്ന ഡിസൈനിലാണ് പോസ്റ്റര്‍. ചുവപ്പിന് പ്രാധാന്യമുള്ള വസ്ത്രമാണ് നസ്രിയ ധരിച്ചിരിക്കുന്നത്. അതിന് ചേരുന്നവിധത്തിലാണ് പോസ്റ്ററിന്റ പശ്ചാത്തലം.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.