വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാൻ കഴിയാത്ത സ്ഥിതി; നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാൻ കഴിയില്ലെന്നു സിയാൽ അധികൃതർ

0

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ശനിയാഴ്ചയും തുറക്കാൻ കഴിയില്ലെന്നു സിയാൽ അധികൃതർ സൂചന നൽകി. പെരിയാറിൽനിന്നുള്ള വെള്ളത്തിൽ ആലുവയും വിമാനത്താവളവും പരിസരവും മുങ്ങിക്കിടക്കുന്നതിനാൽ വെള്ളമിറങ്ങുന്നതു വരെ വിമാനം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്.

വിമാനത്താവളത്തിൽ റൺവേയിലും ഏപ്രണിലുമെല്ലാം വെള്ളമാണ്. കനത്ത മഴ തുടരുന്നതുകൊണ്ടും പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുന്നതു കൊണ്ടും വെള്ളം പമ്പു ചെയ്തു കളയാനും കഴിയില്ല. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിലെ വെള്ളപ്പൊക്കത്തിനും ശമനമില്ല.

ശനി വരെ നാലു ദിവസം വിമാനത്താവളം അടച്ചിടാനാണു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുറക്കുന്നത് അതിലും വൈകുമെന്നാണു കരുതുന്നത്. വിദേശത്തു പോകേണ്ടവരും വിദേശത്തുനിന്നു നാട്ടിലേക്കു വരുന്നവരും അതനുസരിച്ചു യാത്രയിൽ മാറ്റം വരുത്തേണ്ടി വരും.കാർഗോ ടെർമിനലിന് അടുത്തുള്ള സോളർ പാടത്തിൽ വെള്ളം കയറി വിമാനത്താവളത്തിലെ സോളർ പ്ലാന്റുകളിൽ ഒരു ഭാഗവും വെള്ളത്തിലാണ്.