നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

1

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്താനാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൊച്ചി നേവല്‍ ബേസില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴയും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയര്‍ലൈനുകള്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികള്‍ ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ 90 ശതമാനവും പ്രളയക്കെടുതികള്‍പ്പെട്ടതും തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്നാണ് വിമാനത്താവളം തുറക്കുന്നതു നീട്ടിയത്.

നാളെ ഉച്ച കഴിഞ്ഞ് വിമാനത്താവളം തുറക്കുമെന്ന് സ്ഥിരീകരണം വന്നത് ഇന്നലെ വൈകിട്ടോടെയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിലൂടെ ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടായത് അവധിക്ക് നാട്ടിലെത്തിയ പ്രവാികള്‍ക്കാണ്. മലബാറിലേയും മധ്യകേരളത്തിലേയും ആളുകളാണ് കൊച്ചി എയര്‍പോര്‍ട്ടിനെ കൂടുതലായിട്ട് ആശ്രയിച്ചിരുന്നത്. വിമാനത്താവളം പൂട്ടിയതോടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കാണ് ഇപ്പോള്‍ വലിയ ആശ്വാസമായിരിക്കുന്നത്.

പ്രളയം കാരണം പലരും നാട്ടില്‍ നിന്നും ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു.കോയമ്പത്തൂരും തിരുവനന്തപുരത്തും വിമാനം ഇറങ്ങി വീട്ടിലേക്ക് വരികയാണ് പ്രവാസികള്‍. വിസ തീര്‍ന്നിട്ടും വിമാനം ഇല്ലാത്തതിനാല്‍ കുടുങ്ങിയ മലയാളികളും ഉണ്ട്. താല്‍കാലിക പരിഹാരമായി വായുസേനാ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങി. എന്നാല്‍ ഇതൊന്നും ഗള്‍ഫ് മോഹങ്ങളുമായി പറന്നുയരാന്‍ ആഗ്രഹിച്ച മലയാളിക്ക് മതിയാവുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സിയാല്‍ അതിവേഗം തിരിച്ചു വരുന്നത്.

ഏകദേശം 2600 മീറ്റര്‍ മതിലാണു പ്രളയത്തില്‍ തകര്‍ന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ലോകത്തിലെ പ്രഥമ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ നെടുമ്പാശ്ശേരിയിലെ വൈദ്യുത കണക്ഷന്‍ കെ എസ് ഇ ബി ശരിയാക്കും വരെ കാത്തിരിക്കേണ്ട അവസ്ഥ സിയാലിനുണ്ടായില്ല. സ്വന്തംകാലില്‍ നിന്നതിനാല്‍ വൈദ്യുതി കണക്ഷന് അതിവേഗം എത്തി. അതുകൊണ്ട് തന്നെ അതിവേഗം വെള്ളമൊഴിവാക്കി ആധുനിക സൗകര്യങ്ങളുപയോഗിച്ച് ശുചീകരണത്തിന് സിയാലിന് കഴിഞ്ഞു.