നേര്‍കൊണ്ട പാര്‍വൈ (Nerkonda Paarvai) Movie Review

0

നിമിര്‍ദ നാന്‍ നടയ് നേര്‍കൊണ്ട പാര്‍വൈ , തലയുയര്‍ത്തിപ്പിടിച്ച് നടക്കുക , കണ്ണുകളില്‍ എല്ലാവരെയും കാണുക .

തല അജിത്‌ ഒരു പ്രസിദ്ധമായ ഹിന്ദി സിനിമയുടെ റീമേക്കില്‍ അഭിനയിക്കുന്ന വാര്‍ത്ത‍ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത് .നിരൂപണത്തില്‍ മികച്ചുനിന്ന പിങ്ക് സിനിമയില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ചത് സാക്ഷാല്‍ അമിതാബ് ബച്ചനും . പിങ്കിന്റെ അതേ പകര്‍പ്പില്‍  തുടങ്ങിയ സിനിമ ഒരു വ്യതിയാനവും ഇല്ലാതെ അവസാനിക്കുമോ എന്നതായിരുന്നു സംശയം .എന്നാല്‍ അതിലെ തുടക്കത്തിലേ ഒന്നുരണ്ടു സീനുകള്‍ , ഒന്നും പറയാനില്ല .ശ്രധ പാര്‍ക്കിലൂടെ ഓടി തളര്‍ന്നു വരുമ്പോഴും വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്കു നോക്കുമ്പോഴും കാണുന്ന ഒരു മനുഷ്യന്‍ ഉണ്ട് ,ആ മുഖഭാവം,ആ രൂപം .ഒരുപക്ഷെ ബച്ചനെ വെല്ലുവിളിക്കുന്ന അഭിനയ മുഹൂര്‍ത്തം അജിത്തിലൂടെ ഈ സിനിമ നല്‍കുമെന്ന് ഉറപ്പിച്ച സീനുകളായിരുന്നു അതെല്ലാം .പല ഡയലോഗുകള്‍ക്കും തീയേറ്ററില്‍ ലഭിച്ച കയ്യടികള്‍ തന്നെ ഈ സിനിമയുടെ നിലവാരത്തെ എടുത്തുകാണിക്കുന്നു .

എന്തുകൊണ്ട് റീമേക്കില്‍ ഒരു 22 മിനിറ്റ് അധികമായി എടുത്തു ? സ്വാഭാവികമായി വരുന്ന സംശയം .ഉത്തരം സിനിമയിലുണ്ട് , മികച്ച ഫൈറ്റ് സീനുകളും തലയുടെ സ്ക്രീന്‍ പ്രസന്‍സ് നന്നായി ഉപയോഗിച്ചുകൊണ്ടുള്ള ആക്ഷന്‍ രംഗങ്ങളും ,അതോടൊപ്പം അല്‍പ്പം പ്രണയനിമിഷങ്ങളും അധികമായി വന്നത് ഈ സിനിമയെ പിങ്കിലും മികച്ചതാന്‍ സഹായിച്ചു .പലപ്പോഴുമുള്ള ഇഴച്ചിലുകളും ബോറടിയും കുറയ്ക്കുവാന്‍ ഇങ്ങനെയുള്ള മാസ്സ് സീനുകള്‍ ഒരുപരിധി വരെ സഹായിച്ചു .

ചെറിയ വേഷമെങ്കിലും വിദ്യാ ബാലന്‍റെ വേഷം നന്നായിരുന്നു .താപ്സീയുടെ വേഷം ശ്രധ നന്നായി കൂടുതല്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു .ഒരുപക്ഷെ അന്ട്രിയയെ മാറ്റി വേറെ ആരെയെങ്കിലും പരീക്ഷിക്കാമെന്നു തോന്നിയിരുന്നു , ഒരു ആവര്‍ത്തനം അന്ട്രിയയുടെ അഭിനയത്തില്‍ നമുക്ക് തോന്നാം. അഭിരാമിയും ഒട്ടും മോശമാക്കിയില്ല .യുവന്‍ ശങ്കര്‍രാജയും ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.

തല അജിത്‌ ഫാന്‍സിനു നിരാശരാകേണ്ടി വരാമായിരുന്ന ഒരു സിനിമ അവര്‍ക്ക് വേണ്ട കുറച്ചു നിമിഷങ്ങള്‍ ഒട്ടും അധിമാക്കാതെ , എന്നാല്‍ കഥയുടെ ഗതിയെയും സന്ദേശത്തെയും ഒട്ടും ബാധിക്കാതെ വിനോത് സ്ക്രീനില്‍ നല്‍കിയിട്ടുണ്ട് .

കഥ എല്ലാവരും പിങ്കിലൂടെ കണ്ടതുതന്നെ , സീനുകളും ഡയലോഗുകള്‍ പോലും ആവര്‍ത്തിക്കുമ്പോഴും തമിഴ് എന്ന ഭാഷയുടെ സൌന്ദര്യം കുറച്ചൊന്നുമല്ല സിനിമയെ പല ഘട്ടത്തിലും സഹായിക്കുന്നത് .ഒരാള്‍ക്കും മറ്റൊരാളുടെ ശരീരത്തിനോ മനസിനോ മുകളിലോ യാതൊരു അവകാശവും ഇല്ലായെന്ന ആശയം ആണ് സിനിമ മനോഹരമായി പറയുന്നത്. ഒരു വ്യക്തി ആര് തന്നേ ആണെങ്കിലും ഏതൊരു പരിതസ്ഥിതിയിലും അവര്‍ എനിക്ക് ഒരു കാര്യം കഴിയില്ല എന്ന് പറഞ്ഞാല്‍ അപരന്‍ അത് ഒരു NO തന്നെയായി മനസിലാക്കി പിന്‍വലിയണം.അതെ A ‘NO’ means ‘NO’. രു പെൺകുട്ടി നോ എന്ന് പറഞ്ഞാൽ പിന്നെ അവളെ തൊടാൻ ഒരുത്തനും അവകാശമില്ലെന്ന് നാം എന്ന് മനസിലാക്കണം.അവള്‍ക്ക് ഇഷടമുള്ള ജോലിചെയ്തു ജീവിക്കാനുള്ള അവകാശം ഉണ്ടാകണം.അവൾക്ക് രാത്രിയോ പകലോ എന്ന് നോക്കാതെ ഇറങ്ങി നടക്കാൻ കഴിയണം.അവള്‍ക്കു തമാശകള്‍ പറയാനും ചിരിക്കാനും കഴിയണം . അവളുടെ ശരീരം അവളുടേത്‌ മാത്രമാണെന്ന് നാം മനസ്സിലാക്കണം അവൾക്കു വസ്ത്രം ധരിക്കാൻ അവകാശമുണ്ട് ഏതു വസ്ത്രം വേണമെന്ന് അവൾ തീരുമാനിയ്ക്കും .അത് കണ്ടു ആൺകുട്ടികളുടെ മനസു നിയന്ത്രണം തെറ്റുന്നെങ്കിൽ അതവളുടെ കുറ്റമല്ല മറിച്ച്‌ അവന്റെ സംസ്കാരത്തിന്റെ കുഴപ്പമാണെന്നു അവനറിയണം.ഇതിനെയെല്ലാം ചങ്കുറപ്പോടെ നേരിടാന്‍ കഴിയുന്ന സ്ത്രീ സമൂഹവും ഉയര്‍ന്നുവരേണ്ടതുണ്ട് .സിനിമ നല്‍കുന്ന സന്ദേശം ഇന്നും ഇന്ത്യയില്‍ അത്ര പ്രാധ്യാന്യമര്‍ഹിക്കുന്ന വിഷയം തന്നെയാണ് .2016-ല്‍ ഇറങ്ങിയ ഒരു സിനിമാകൊണ്ട് അത് മുഴുവന്‍ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഈ സിനിമയ്ക്കും ലഭിക്കുന്ന കയ്യടികള്‍ സാക്ഷ്യം .

വെള്ളമടിക്കുന്നത് ആണുങ്ങള്‍ അടിച്ചാലും പെണ്ണുങ്ങള്‍ അടിച്ചാലും തെറ്റാണ് ,അല്ലാതെ അത് ആണുങ്ങള്‍ക്ക് സാധാരണ വിഷയവും പെണ്ണുങ്ങള്‍ ചെയ്യുമ്പോള്‍ മോശം പ്രവര്‍ത്തിയുമാകുന്നതിനെയെല്ലാം വലിച്ചുകീറി ഒട്ടിക്കുകയാണ് ഈ സിനിമയില്‍ . തെറ്റ് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരുപോലെയാണ് .അല്ലാതെ തെറ്റുകള്‍ക്കും ലിംഗഭേദം ഉണ്ടാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

അജിത്തിന്റെ കരിയറിന്റെ വേറൊരു ഭാഗത്തിന് ഇവിടെ തുടക്കമാവുകയാണ് , ഗതിമാറി സഞ്ചരിക്കുന്ന തലയെ ഇനി നമുക്ക് കാണാം.വീരവും വിവേഗവും വിശ്വാസവുമെല്ലാം എന്തിനു ഈ മഹാ നടന്‍ ചെയ്തു എന്നോര്‍ത്ത് പരാതിപ്പെടുന്നവര്‍ ഈ സിനിമ പോയി കാണണം .അല്ലാത്തപക്ഷം വീണ്ടും ആ പഴയ “V” യുഗത്തിലേക്ക് ഈ നടന്‍ തിരിച്ചുപോയാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയായിരിക്കും . അത്ര അനായാസമായി ഗംഭീരമായി ഈ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ അജിത്ത് എന്ന നടന്‍റെ പ്രസന്‍സ് തന്നെ കാരണം .ഈ സിനിമ ഒരു  വന്‍വിജയമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ല .

My Rating – 4/5