സിഗ്നല്‍ നല്‍കുന്ന മത്സ്യം; കേരള തീരത്ത്

0

തിരുവനന്തപുരം: അപൂർവ്വ ഇനത്തിൽപെടുന്ന സിഗ്നൽ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന്‌ കണ്ടെത്തി. കേരളതീരത്ത് 70 മീറ്റർ താഴ്ചയുള്ള മണൽത്തട്ടിൽനിന്നാണ് ഇവയെ ട്രോളർ ഉപയോഗിച്ച്‌ കണ്ടെത്തിയത്. വ്യത്യസ്തമായ നിറവും ശരീര ഘടനയുമുള്ള മത്സ്യത്തിന് ഇന്ത്യയിൽനിന്നു കണ്ടെത്തിയതിനാൽ ‘റ്റീറോപ്‌സാറോൺ ഇൻഡിക്കം’ (Pteropsaron indicum) എന്ന ശാസ്ത്രീയനാമമാണ്‌ നൽകിയത്.

കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്ത്രഞ്ജരും സമുദ്ര ശാസ്ത്ര നിരീക്ഷകരും പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. ലോകത്തെ സിഗ്നൽ മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ള ഇനം സിഗ്നൽ മത്സ്യങ്ങളെയാണ് കേരളതീരത്തുനിന്നും കണ്ടെത്തിയിരിക്കുന്നത്.

ഇതിന് ശരീരത്തിന്റെ വശങ്ങളിൽ നീളത്തിൽ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തിൽ ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ വശങ്ങളിലുമുണ്ട്. വളരെ നീളത്തിലുള്ള മുള്ളുകളോടുകൂടിയ മുത്തുചിറകുകളുമാണ് ഈ മത്സ്യങ്ങൾക്ക് ഉള്ളത്.

തങ്ങളുടെ പ്രദേശത്തിൽ ആധിപത്യം സ്ഥാപിച്ച്, ഇണയെ ആകർഷിക്കാനുള്ള അടയാളങ്ങൾക്കായി ഇവ തങ്ങളുടെ നീളമുള്ള മുതുകുചിറകുകൾ സവിശേഷമായി ചലിപ്പിക്കും. ഇത്തരം സ്വഭാവവിശേഷംകൊണ്ടാണ് ഇവയെ ‘സിഗ്നൽ മത്സ്യങ്ങൾ’ എന്നുവിളിക്കുന്നത്.

സാധാരണ പവിഴപ്പുറ്റുകളുള്ള മേഖലകളിൽനിന്നാണ് സിഗ്നൽ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്. കേരളതീരത്തുനിന്ന് ഇവയെ കണ്ടെത്തിയ സ്ഥലങ്ങളിലും പവിഴപ്പുറ്റുകൾ കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കേരള യൂണിവേഴ്‌സിറ്റി ഫിഷറി വിഭാഗം മേധാവി എ.ബിജുകുമാര്‍ പറഞ്ഞു.

കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാർ, അമേരിക്കയിലെ ഓഷ്യൻ സയൻസ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകൻ ഡോ. ബെൻ വിക്ടർ എന്നിവർചേർന്ന്‌ നടത്തിയ ഗവേഷണവിവരങ്ങൾ പുതിയലക്കം ‘ഓഷ്യൻ സയൻസ് ഫൗണ്ടേഷൻ ജേണലി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.