നവയുഗം ഷുകൈഖ് യൂണിറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു.

1

അൽ ഹസ്സ:  പുതുതായി നിലവിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ  പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകൾക്ക് മുൻഗണന നൽകി ഉൾപ്പെടുത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ഷുഹൈഖ്  യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കൊറോണ കാരണം ജോലി നഷ്ടമായി ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. നിലവിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥികളായും  പ്രവർത്തകരായും ഒട്ടേറെ മുൻപ്രവാസികൾ  സജീവമായി പങ്കെടുക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. ഇലക്ഷന് ശേഷം നിലവിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ ഭരണസമിതികൾ, അവരുടെ വാർഷിക പദ്ധതികളിൽ, പ്രവാസി പുനഃരധിവാസ പദ്ധതികൾക്ക് കൂടി അർഹമായ പ്രാധാന്യം നൽകി ഉൾപ്പെടുത്തണമെന്ന് നവയുഗം ഷുഹൈഖ്  യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

മുരളിയുടെ അദ്ധ്യക്ഷതയിൽ അൽഹസ്സ ഷുഹൈഖിലെ ബൈജുകുമാർ നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സിയാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി സംഘടനാ വിശദീകരണം നടത്തി. നവയുഗം രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ മണിക്കുട്ടൻ, ഉണ്ണി മാധവൻ, സുശീൽ കുമാർ, മിനി ഷാജി, രതീഷ് രാമചന്ദ്രൻ, അൽഹസ്സ മേഖല നേതാക്കളായ നിസാം പുതുശ്ശേരി, ഷിഹാബ് കാരാട്ട് എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. സമ്മേളനത്തിൽ ജയ്മോൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഷിബു താഹിർ സ്വാഗതവും, അനിൽ കുറ്റിച്ചൽ നന്ദിയും പറഞ്ഞു.

നവയുഗം ഷുഖൈഖ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി  ജലീൽ (രക്ഷാധികാരി), മുരളി (പ്രസിഡന്റ്), സുന്ദരേശൻ, സുരേഷ് മടവൂർ (വൈസ് പ്രസിഡന്റുമാർ), സിയാദ് (സെക്രട്ടറി), ഷാജി പുള്ളി, അനിൽ കുറ്റിച്ചൽ (ജോയിന്റ് സെക്രട്ടറി), ഷിബു താഹിർ (ട്രെഷറർ) എന്നിവരെയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജയകുമാർ, രഘുനാഥ്‌, അബ്ദുൽ സലാം, സുജി, സത്താർ, ഹാരീസ്, ഹക്കീം, കബീർ, ഷാജികുട്ടൻ എന്നിവരെയും തെരഞ്ഞെടുത്തു.