കേരളം – വീണ്ടും നിപാ ഭീഷണിയിലോ?

0

2018ൽ കേരളം ഫലപ്രദമായി തടഞ്ഞു നിർത്തിയ നിപാ രോഗം വീണ്ടും ഇന്ന് കോഴിക്കോട് ഒരു പന്ത്രണ്ട് വയസ്സുകാരൻ്റെ ജീവൻ അപഹരിച്ച ദുഖകരമായ വാർത്ത കേരളം ഞെട്ടലോടെയാണ് ശ്രമിച്ചത്. കോവിഡിൻ്റെ ഭീഷണി നാടിനെ വിഷമസന്ധിയിലാക്കിയ സാഹചര്യത്തിൽ കൂടുതൽ അപകടകാരിയായ നിപ്പ രോഗത്തിൻ്റെ കടന്നുവരവ് ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഇതിനെ നിസ്സാരമായി അവഗണിക്കാൻ കഴിയില്ല. കാരണം നിപ്പാരോഗത്തിൻ്റെ വ്യാപന ശേഷി കുറവാണെങ്കിലും മരണനിരക്ക് ആപത്കരമായ തോതിലാണ്. ഈ രോഗം വീണ്ടും വരാനുള്ള കാരണം, രോഗം കടന്നു വന്ന വഴി കണ്ടെത്താനുള്ള തീവ്രമായ പരിശ്രമം നടത്തേണ്ടതുണ്ട്. രോഗത്തിൻ്റെ ഉറവിടത്തെ പറ്റി ഊഹാപോഹങ്ങളല്ല ഉണ്ടാകേണ്ടത്. ശാസ്ത്രീയമായ പഠനവും കണ്ടെത്തലും തന്നെയാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്.

എന്തും രാഷ്ടീയ വിവാദമായി വികസിപ്പിച്ചെടുത്ത് ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ രാഷ്ടീയ കക്ഷികൾ ഉപേക്ഷിക്കുകയും രോഗം തടയാനുള്ള ക്രിയാത്മകമായ സമീപനമാണ് വിവേകമുള്ള രാഷ്ടീയ നേതൃത്വങ്ങൾ സ്വീകരിക്കേണ്ടത്. ജനങ്ങൾ ഇത്തരം മഹാവ്യാധിയുണ്ടാകുമ്പോൾ എളുപ്പത്തിൽ പരിഭ്രാന്തരാകുന്നതിൽ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. കോവിഡിൻ്റെ ഭീഷണിയിൽ നിപ്പയുടെ വരവ് കേരളത്തെ സംബന്ധിച്ചു കൂനിന്മേൽ കുരുവായി മാറിത്തീരുകയാണ്.

നിപ്പാ വൈറസിനെ പറ്റി പഠനം നടത്താൻ വൈറോളജി ലാബ് സ്ഥാപിച്ച് ആവശ്യമായ പരിശോധന നടത്താൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. യോജിച്ചുള്ള പ്രവർത്തനത്തിലുടെ കേരളത്തിൻ്റെ ആരോഗ്യമേഖല കാര്യക്ഷമമായി നിലനിർത്താൻ നമുക്ക് ബാദ്ധ്യതയുണ്ട്. ഇനിയും ഒരു നിപ്പാ മരണം താങ്ങാനുള്ള കരുത്ത് കേരളത്തിനില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ചരിത്ര വിസ്മൃതിയായി മാറിത്തീരാൻ പാടില്ല.