നിപാവൈറസിന്റെ ഉറവിടം കണ്ടെത്തി; കാരണം പഴംതീനി വവ്വാലുകള്‍

0

നിപ്പാ വൈറസിന് കാരണം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. കോഴിക്കോട് നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളില്‍ നിന്നും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേതാണ് കണ്ടെത്തല്‍. രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. പല തവണ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏകദേശം 55 വവ്വാലുകളുടെ പരിശോധനയാണ് രണ്ടാം ഘട്ടം നടത്തിയത്.

സാധാരണ വവ്വാലുകളില്‍ നിന്നാണ് നിപ്പ മനുഷ്യരിലേക്ക് പടരുന്നത്‌ എന്നിരിക്കെ ചെങ്ങരോത്തു നിന്നും ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായത്‌ രോഗത്തിന്റെ ഉത്ഭവം സംബന്ധിച്ചു ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.  എന്നാല്‍ രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗത്തിന്റെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ടായതെന്നു കേന്ദ്രആരോഗ്യമന്ത്രി ജെ പി നന്ദ അറിയിച്ചു. വിനാശകാരികളായ ഈ വൈറസുകളുടെ സാന്നിധ്യം ആദ്യം ശേഖരിച്ച സാമ്പിളുകളില്‍ സാമ്പിളുകളില്‍ ഇല്ലാതെ പോയതിനാലാണ് വൈറസ്‌ ബാധയുടെ ഉറവിടം സംബന്ധിച്ച ആശയക്കുഴപ്പത്തിനു കാരണമായത്‌. മെയ്‌ മാസത്തില്‍ 21 വവ്വാലുകളില്‍ നിന്നാണ് രോഗബാധ നിര്‍ണ്ണയിക്കാന്‍ സാമ്പിളുകള്‍ ശേഖരിച്ചത്. എന്നാല്‍ അത് നെഗറ്റീവായതോടെ അടുത്ത ഘട്ടം 50 വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവയിലാണ് നിപ്പ വൈറസ്‌ ബാധയ്ക്ക് കാരണമാകുന്ന വൈറസുകള്‍ ഉണ്ടെന്നു കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ്പാരോഗരഹിത ജില്ലകളായി പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിന് ശേഷം നിപ്പ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ നടപടി. പേരാമ്പ്രയില്‍ നിന്നുമായിരുന്നു ആദ്യം നിപ്പാ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഐഎംആര്‍സി പുറത്തു വിട്ടിട്ടില്ല.