നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി; ഭാര്യക്കെതിരെയും വാറന്‍റ്

2

പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് നീരവിനു ജാമ്യം നിഷേധിച്ചത്. കേസ് മാർച്ച് 29ന് വീണ്ടും പരിഗണിക്കും. ജാമ്യത്തിന് വേണ്ടി നീരവിന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ജാമ്യത്തിൽ വിട്ടാൽ ഒളിവിൽപ്പോവാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. നീരവ് മോദിയുടെ ഭാര്യ എമിക്കെതിരെയും അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വാറൻറ്. ഭാര്യ എമിയും നീരവിനൊപ്പം രാജ്യം വിട്ടിരുന്നു. നീരവ് മോദിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലം ചെയ്യാനുള്ള നീക്കവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടങ്ങിയിട്ടുണ്ട്. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണു സൂചന.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. ഇതിനുശേഷമാണു കേസിൽ സി ബി ഐ അന്വേഷണം ആരംഭിച്ചത്.