നീരവ് മോദിയുടെ കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു

1

മുംബൈ: പി.എന്‍.ബി തട്ടിപ്പ് കേസില്‍ നാടുകടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ കടല്‍തീരത്ത് അനധികൃതമായി നിര്‍മിച്ച ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. 33,000 ചതുരശ്ര അടിയിൽ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബം​ഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലെ അലിഭാഗിലെ പരിസ്ഥിതി ലോല മേഖലയില്‍ എല്ലാ നിയമങ്ങളും ലംഘിച്ച് 100 കോടിയിലേറെ രൂപ മുടക്കി നിര്‍മിച്ച ബംഗ്ലാവ് നേരത്തേ കണ്ടു കെട്ടിയിരുന്നു. ഒന്നരയേക്കറിൽ കോടികൾ ചെലവഴിച്ച് നീരവ് മോദി കെട്ടി ഉയർത്തിയ ഒഴിവുകാല വസതിയാണ് സ്ഫോടനത്തിൽ നിലംപരിശായത്.

വലിയ കോണ്‍ക്രീറ്റ് തൂണുകൾ തകർക്കുന്നതിനായി മുപ്പത് കിലോ സ്ഫോടക വസ്തുക്കൾ വിവിധ ഇടങ്ങളിൽ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. 33,000 സ്‌ക്വയര്‍ ഫീറ്റാണു ബംഗ്ലാവിനുണ്ടായിരുന്നത്. ഇതിനുള്ളില് വിലപിടിപ്പുള്ള വസ്തുക്കൾ അധികൃതർ കഴിഞ്ഞ ദിവസം പുറത്തെത്തിച്ചിരുന്നു.ഇവ ലേലത്തിൽ വയ്ക്കുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 5 കോടി രൂപയാണ് ബംഗ്ലാവ് കെട്ടിപ്പടുക്കാൻ നീരവ് മോദി ഉപയോഗിച്ചതെന്നാണ് വിവരം. ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 100 കോടിയിലധികം ചെലവ് വരുന്ന സ്ഥലത്തെ മുന്‍ ഭാഗത്തുള്ള ഉദ്യാനവും കൈയ്യേറി നിര്‍മ്മിച്ചതാണ്. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് വലിയ ഇരുമ്പു ഗെയിറ്റോടു കൂടിയ ഈ വേനല്‍ക്കാല വസതി.

കെട്ടിടം തര്‍ത്തെങ്കിലും ശക്തമായ അടിത്തറ ഇടിച്ചു കളഞ്ഞ് ഭൂമി പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളെടുക്കുമെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ വിജയ് സൂര്യവംശി പറഞ്ഞു.
അനധികൃത നിർമാണപ്രവർത്തനങ്ങൾക്കെതിരെ 2009ൽ എൻജിഒ ശംഭുരാജെ യുവ ക്രാന്തി സമർപ്പിച്ച ഹർജിയുടെ ബോംബെ ഹൈക്കോടതിയാണു കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് മോദി മുംബൈ ഹൈക്കോടതിയെ സമീച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.