നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യമില്ല

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് (സുനിൽ കുമാർ) ജാമ്യമില്ല. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൾസർ സുനിയുടെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളായ നടൻ ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശം ഇല്ലെന്നായിരുന്നു ദിലീപിന്റെ മൊഴി.