സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും

0

തിരുവനന്തപുരം: സംസ്ഥാനം പ്രളയ സെസ് പിന്‍വലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇന്നു മുതല്‍ വില കുറയും. ഗൃഹോപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും വില കുറയുകയാണ്. കാറുകള്‍ക്ക് നാലായിരം രൂപ മുതല്‍ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും. കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങള്‍ക്കാശ്വാസവും വിപണിക്ക് ഉണര്‍വും നല്‍കുന്നതാണ് പ്രളയ സെസ് പിന്‍വലിക്കാനുള്ള തീരുമാനം.

2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് നടപടി. പ്രളയ സെസ് ഒഴിവാക്കുന്നതോടെ ഒട്ടുമിക്ക വസ്തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് ഒന്ന് മുതലാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്.

പ്രളയ സെസ് വഴി ഏകദേശം 1600 കോടി രൂപ ​പ്രളയ സെസായി പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്ന്​ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പ്രളയ സെസ്​ ഒഴിവാക്കാൻ ബില്ലിങ്​ സോഫ്റ്റ്​വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനങ്ങൾ ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ്​ ഒഴിവാക്കിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കണമെന്ന്​ ധനമന്ത്രി നിർദേശിച്ചു.

കാർ, ബൈക്ക്​, ടി.വി, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, മൊബൈൽ ഫോൺ, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ ഉൽപന്നങ്ങൾക്കെല്ലാം സെസ്​ ചുമത്തിയിരുന്നു. ഇവയുടെ വിലയില്‍ കുറവുണ്ടാകും.