സാമൂഹിക മാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കില്ല; കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

0

ന്യൂഡൽഹി: സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വ്യാജവാർത്തകളും സാമൂഹികമാധ്യമങ്ങൾ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാൻ നടപടിയെടുത്തെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയിൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

വ്യക്തികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്. ഇതുതടയാൻ നടപടിയെടുത്തു. സാമൂഹികമാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ പദ്ധതി നിർദേശമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി വ്യാജ വാര്‍ത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയില്‍ ഹർജികള്‍ എത്തിയിരുന്നു. എന്നാല്‍ വിഷയം കോടതി അതത് ഹൈക്കോടതികള്‍ക്ക് തന്നെ വിടുകയായിരുന്നു.

2018 ജൂലായില്‍ മദ്രാസ് ഹൈക്കോടതിയിലാണ് വ്യക്തികള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി ആദ്യമായെത്തുന്നത്. ഹർജിക്കാരുടെ ആവശ്യത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങള്‍.