വൈദ്യശാസ്ത്ര നൊബേല്‍ യോഷിനോരി ഓഷുമിക്ക്

0

ജാപ്പനീസ് സെല്‍ ബയോളജിസ്റ്റ് യോഷിനോരി ഓഷുമിക്ക് വൈദ്യശാസ്ത്രത്തിലുള്ള നൊബേല്‍ പുരസ്‌കാരം.മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം .718,000 യൂറോയാണ് പുരസ്‌കാര തുക.

പഴയകോശങ്ങള്‍ക്ക് പകരം പുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട (ഓട്ടോഫാജി) കണ്ടെത്തലുകളാണ് പഠനത്തിന് ആധാരമായത്. ശരീരത്തിലെ കോശം നശിച്ചശേഷം പുതിയത് രൂപപ്പെടുന്ന പ്രക്രിയ ഓട്ടോഫാഗി എന്നാണറിയപ്പെടുന്നത്. ഈ സംവിധാനത്തിലുണ്ടാകുന്ന തകരാറുകള്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് ടു പ്രമേഹം, കാന്‍സര്‍, വാര്‍ദ്ധക്യ സഹജമായ നിരവധി രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഓട്ടോഫാഗി ജീനുകളിലെ പരിവര്‍ത്തനം ജനിത രോഗങ്ങള്‍ക്ക് കാരണമാകും. ഇത്തരം നിരവധി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ അവയിലെ വിഷാംശം നീക്കി പുനരുജ്ജീവിപ്പിക്കുന്ന സംവിധാനമാണ് ഓട്ടോഫാഗി

1963ല്‍ വൈദ്യ ശാസ്ത്രജ്ഞനായ ക്രിസ്ത്യന്‍ ഡേ ഡ്യൂവ് ആണ് ഇത്തരം പ്രക്രിയക്ക് ഓട്ടോഫാഗി  എന്ന പേര് നല്‍കിയത്. 1960കളിലാണ് ജീവശാസ്ത്രകാരന്‍മാര്‍ക്കിടയില്‍ ഈ ആശയം വികസിച്ചത്. 1945 ഫെബ്രുവരി ഒമ്പതിന് ജപ്പാനിലെ ഫുക്കുവോയില്‍ ജനിച്ച യോഷിനോരി 1967ല്‍ ഡോക്ടറല്‍ ഓഫ് സയന്‍സ് ബിരുദവും നേടി. ജപ്പാന്‍ അക്കാദമി പുരസ്‌കാരം, ക്യോട്ടോ പ്രൈസ് എന്നിവ ഉള്‍പ്പടെ എട്ടോളം പുരസ്‌കാരങ്ങള്‍ യോഷിനാരിക്ക് ലഭിച്ചിട്ടുണ്ട്.