നോക്കിയ 3310 മടങ്ങി വരുന്നു

0

ഗൃഹാതുരത്വമുണര്‍ത്തുന്ന നോക്കിയ 3310 തിരിച്ചെത്തുന്നു. ഒരു പക്ഷെ ഇന്ന് ഐഫോണ്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പോലെ നോക്കിയ 3310 സ്വന്തമാക്കാനായി വളരെ ആഗ്രഹിച്ച ഒരു തലമുറയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ആവശ്യത്തിനു ലഭ്യമല്ലാതെയിരുന്നപ്പോള്‍ ഗള്‍ഫില്‍ നിന്നും വരുത്തിയവരുമേറെ. ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചുവട് മാറിയ വിനിമയവിപ്ലവത്തിന്റെ ആദ്യകാലത്തെ ഏറ്റവും സ്വീകാര്യമായ മോഡലാണ് ‘നോക്കിയ 3310’.

മുപ്പത്തിമൂന്ന് പത്ത് എന്ന് മലയാളി സ്‌നേഹത്തോടെ വിളിച്ചിരുന്ന അന്നുള്ളതില്‍ വച്ച് ഒതുങ്ങിയതും മികച്ച രൂപകല്‍പ്പനയോടെയുള്ള ഈ  ഫോണ്‍ മൊബൈല്‍ പ്രേമികളുടെ മനസ്സില്‍ നേടിയ സ്ഥാനം അത്ര വലുതാണ്‌ .പല പുതിയ മോഡലുകള്‍ വന്നിട്ട് പോലും മുപ്പത്തിമൂന്ന് പത്തിനെ സൂക്ഷിച്ചു വെയ്ക്കുന്നവര്‍ ഇന്നും ഉണ്ട് .16 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ ആ ഫോണ്‍ 12.6 കോടി യൂണിറ്റുകളുടെ വില്‍പ്പനയാണ് അന്ന് നടത്തിയത്. ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോണ്‍ മോഡലുകളില്‍ പത്താം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നോക്കിയയുടെ ആ പഴയ ഗോള്‍ഡ് ഫോണ്‍ വീണ്ടും വിപണിയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ 3310 ന്റെ പുതിയ അവതാരത്തെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. നോക്കിയ 3310 തിരിച്ചുവരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 3310 ന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നത്. ഫെബ്രുവരി 26 വൈകീട്ട് 4.30 നാണ് (ഇന്ത്യന്‍ സമയം രാത്രി 9) നോക്കിയ ഇവന്റ് നടക്കുന്നത്.

ഒറ്റതതവണ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ ഒരാഴ്ചയിലധികം ബാറ്ററിയുടെ ചാര്‍ജ് നില്‍ക്കും എന്നുള്ളതാണ് ഈ മോഡലിന്റെ എടുത്തു പറയാവുന്ന പ്രായോഗികത.സ്മാര്‍ട്ട്‌ ഫോണുകള്‍ക്കൊപ്പം ഒരു ബേസ് മോഡല്‍ ഫോണ്‍ സെക്കന്‍ന്ടറിയായി ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ കൂടി വരുന്നു. അവരെ ലക്ഷ്യം വച്ചാണ് നോക്കിയ 3310 വീണ്ടും വിപണിയിലേക്ക് എത്തുന്നത്.ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 2500 മുതല്‍ 4000രൂപയാണ് ഈ മോഡലിന്റെ രണ്ടാംവരവില്‍ പ്രതീക്ഷിക്കപ്പെടുന്ന വില.